പഴയ പദ്ധതികള്‍ നടപ്പാക്കാതെയുള്ള പുതിയ നൂറുദിന കര്‍മ്മ പദ്ധതി സർക്കാരിന്റെ തട്ടിപ്പ്: ചെന്നിത്തല

വീണ്ടും 50000 പേര്‍ക്ക് കൂടി തൊഴില്‍ നല്‍കുമെന്നാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ആരെ കബളിപ്പിക്കാനാണെന്ന് ചെന്നിത്തല ചോദിച്ചു
പഴയ പദ്ധതികള്‍ നടപ്പാക്കാതെയുള്ള പുതിയ നൂറുദിന കര്‍മ്മ പദ്ധതി സർക്കാരിന്റെ തട്ടിപ്പ്: ചെന്നിത്തല

തിരുവനന്തപുരം: കഴിഞ്ഞ ഓണക്കാലത്ത് നൂറു ദിന കര്‍മ്മപരിപാടി നടപ്പാക്കാതെയുള്ള പുതിയ നൂറുദിന കര്‍മ്മ പദ്ധതി സർക്കാരിന്റെ തട്ടിപ്പെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വീണ്ടും 50000 പേര്‍ക്ക് കൂടി തൊഴില്‍ നല്‍കുമെന്നാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ആരെ കബളിപ്പിക്കാനാണെന്ന് ചെന്നിത്തല ചോദിച്ചു.

റാങ്ക് ലിസ്‌റിറിലുള്ള ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാതെ പി.എസ്.സിയുടെ ലിസ്റ്റുകള്‍ കൂട്ടുത്തോടെ റദ്ദാക്കിയ ശേഷം പിന്‍ വാതില്‍ വഴി ഇഷ്ടക്കാരെയും, സ്വന്തക്കാരെയും തിരുകി കയറ്റിയ സര്‍ക്കാരാണിത്. അങ്ങനെയുള്ള സര്‍ക്കാരാണ് ജനങ്ങളെ കബളിപ്പിക്കുവാന്‍ വീണ്ടും വീരവാദം മുഴക്കുന്നത്. ഈ സര്‍ക്കാര്‍ അവതരിപ്പിച്ച കഴിഞ്ഞ അഞ്ച് ബജറ്റുകളിലും ഉള്ളത് നടപ്പാക്കാത്ത പദ്ധതികളുടെ ഘോഷയാത്രയായിരുന്നു. വലിയ പദ്ധതികള്‍ പ്രഖ്യാപിക്കുകയും, അത് നടപ്പാക്കാതെ ജനങ്ങളെ കബളിപ്പിക്കുകയും ചെയ്യുന്നതാണ് ഈ സര്‍ക്കാരിന്റെ ശൈലി.

അരലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും, അഞ്ച് ലക്ഷം കുട്ടികള്‍ക്ക് ലാപ്‌ടോപ്പ് നല്‍കും, കയര്‍ മേഖലയില്‍ ഓരോ ദിവസവും ഓരോ യന്ത്രവല്‍കൃത ഫാക്ടറികള്‍ തുറക്കും, രണ്ടാം കുട്ടനാട് പാക്കേജ് നടപ്പാക്കും, ഒന്നരലക്ഷം കുടിവെള്ള കണക്ഷനുകള്‍ നല്‍കും തുടങ്ങിയ മോഹന വാഗ്ദാനങ്ങളാണ് പഴയ നൂറുദിനകര്‍മ്മ പരിപാടിയില്‍ പെടുത്തിയിരുന്നത്. അന്ന് പ്രഖ്യാപിച്ച നൂറുദിന പദ്ധതികളെല്ലാം നടപ്പാക്കികഴിഞ്ഞുവെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. പക്ഷേ അത് എവിടെ നടപ്പാക്കിയെന്ന് മാത്രം ആര്‍ക്കും അറിയില്ല.

2000 കോടി രൂപയുടെ തീരദേശ പാക്കേജ്, 5000 കോടി രൂപയുടെ ഇടുക്കി പാക്കേജ്, 2000 കോടി രൂപയുടെ വയനാട് പാക്കേജ്, 1000 കോടി രൂപയുടെ കുട്ടനാട് പാക്കേജ് തുടങ്ങിയ പ്രഖ്യാപനങ്ങളെല്ലാം കഴിഞ്ഞ ബജറ്റുകളില്‍ നടത്തിയതാണ്. അവ ഒന്നും നടപ്പാക്കിയിട്ടില്ല. അതേപോലുള്ള തട്ടിപ്പാണ് പുതിയ 100 ദിന കര്‍മ്മ പദ്ധതികളെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com