പ്രവാസി വിഷയം: രമേശ് ചെന്നിത്തല ഉപവസിക്കും
Kerala

പ്രവാസി വിഷയം: രമേശ് ചെന്നിത്തല ഉപവസിക്കും

പ്രവാസികളെ മടക്കിക്കൊണ്ടു വരുന്ന കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടില്‍ പ്രതിഷേധിച്ച്‌ സെക്രട്ടറിയേറ്റിന് മുന്നില്‍ ഉപവസിക്കും

By M Salavudheen

Published on :

തിരുവനന്തപുരം: പ്രവാസികളെ മടക്കിക്കൊണ്ടു വരുന്ന കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടറിയേറ്റിന് മുന്നില്‍ ഉപവസിക്കും. പ്രവാസികള്‍ക്ക് കോവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം ക്രൂരമാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. 19ന് വെള്ളിയാഴ്ച, രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് ഉപവാസ സമരം.

ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് മടങ്ങുന്നവർക്ക് കോവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത് തികച്ചും അപ്രായോഗികമാണ്. ഗള്‍ഫില്‍ 48 മണിക്കൂറിനുള്ളില്‍ കോവിഡ് ടെസ്റ്റിന്റെ ഫലം കിട്ടില്ല. മാത്രമല്ല ജോലിയും കൂലിയും നഷ്ടപ്പെട്ട പാവപ്പെട്ട പ്രവാസികള്‍ക്ക് വന്‍സാമ്പത്തിക ബാദ്ധ്യതയുമുണ്ടാവും. കോവിഡ് കാലത്ത് ജീവന്‍ രക്ഷിക്കാന്‍ നാട്ടിലെത്താമെന്ന പ്രവാസികളുടെ മോഹം അസ്തമിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ അവരെ മരണത്തിലേക്ക് തള്ളിവിടുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

ഗള്‍ഫില്‍ ദിനംപ്രതി മലയാളികളുടെ മരണം കൂടി വരികയാണ്. 230 ഓളം മലയാളികള്‍ ഇതിനകം മരിച്ചു കഴിഞ്ഞു. വന്ദേഭാരത് ഫ്‌ളൈറ്റുകളില്‍ ചെയ്യുന്നത് പോലെ പ്രാഥമിക പരിശോധന നടത്തിയ ശേഷം പ്രവാസികളെ കൊണ്ടു വരികയും ഇവിടെ എത്തിയ ശേഷം കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച്‌ ക്വാറന്റയിന്‍ നടപടികള്‍ക്ക് വിധേയമാക്കുകയും വേണമെന്ന ആവശ്യം പ്രതിപക്ഷം നിരന്തരമായി ഉയര്‍ത്തിയിട്ടും സംസ്ഥാന സര്‍ക്കാര്‍ കേട്ട ഭാവം പോലും നടിച്ചിട്ടില്ല. പകരം അത് കര്‍ശനമാക്കുകയാണ് ഇന്ന് മന്ത്രിസഭാ യോഗം ചെയ്തത്.

കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന് ബോദ്ധ്യപ്പെടുന്നവരെ മാത്രമേ വിദേശത്ത് നിന്ന് കൊണ്ടു വരാവൂ എന്ന കേന്ദ്ര വ്യോമയാന വകുപ്പിന്റെ ഉത്തരവിനെതിരെ 2020 മാര്‍ച്ച്‌ 12ന് നിയമസഭ ഐക്യകണ്ഠേന പ്രമേയം പാസ്സാക്കിയ കാര്യം മറന്നു കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഈ കടുംപിടിത്തം നടത്തുന്നത്. അന്ന് മുഖ്യമന്ത്രിയാണ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. പ്രവാസികള്‍ നമ്മുടെ നാടിന് നല്‍കുന്ന സംഭാവനകളെക്കുറിച്ച്‌ അന്ന് വാചാലനായി സംസാരിച്ച മുഖ്യമന്ത്രി കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ കേന്ദ്ര നടപടി മനുഷ്യത്വ ഹീനമാണെന്നാണ് പറഞ്ഞത്. അതേ മുഖ്യമന്ത്രിയാണ് ഇപ്പോള്‍ ഗള്‍ഫിലെ പാവങ്ങളോട് മനുഷ്യത്വ ഹീനമായി പെരുമാറുന്നത്. ഇത് കാപട്യമാണെന്നും ചെന്നിത്തല പറഞ്ഞു.

Anweshanam
www.anweshanam.com