പ്രവാസികളോട് അവഗണന: രമേശ് ചെന്നിത്തല ഉപവാസം തുടങ്ങി
Kerala

പ്രവാസികളോട് അവഗണന: രമേശ് ചെന്നിത്തല ഉപവാസം തുടങ്ങി

കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. രാവിലെ 9 മണിമുതല്‍ വൈകിട്ട് 5 വരെ സെക്രട്ടറിയേറ്റിന് മുന്നിലാണ് ഉപവാസ സമരം.

By Thasneem

Published on :

തിരുവനന്തപുരം: പ്രവാസികളോടുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപവാസം ആരംഭിച്ചു. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. രാവിലെ 9 മണിമുതല്‍ വൈകിട്ട് 5 വരെ സെക്രട്ടറിയേറ്റിന് മുന്നിലാണ് ഉപവാസ സമരം.

ഈ കോവിഡ് കാലത്തേറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നത് ഗള്‍ഫിലെ പ്രവാസികളാണെന്നും എന്നാല്‍, അവര്‍ രോഗവാഹകരാണെന്നും ഇങ്ങോട്ട് വരേണ്ടതില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട് വിശകലനം ചെയ്താല്‍ മനസിലാവുകയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

വന്ദേഭാരത് വിമാനങ്ങള്‍ കൃത്യമായി സ‍ര്‍വീസ് നടത്തിയിരുന്നുവെങ്കില്‍ കൂടുതല്‍ പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങിയെത്താമായിരുന്നുവെന്നും അദേഹം പറഞ്ഞു. വന്ദേഭാരത് സര്‍വീസുകള്‍ നേരെ നടക്കാത്തതിനാലാണ് പ്രവാസി സംഘടനകള്‍ ചാ‍ര്‍ട്ടേഡ് വിമാനങ്ങള്‍ സജ്ജമാക്കിയത്. അപ്പോഴാണ് അതില്‍ വരുന്നവര്‍ക്കും വന്ദേഭാരത് വിമാനങ്ങളില്‍ വരുന്നവ‍ര്‍ക്കും കോവിഡ് നെ​ഗറ്റീവ് സ‍ര്‍ട്ടിഫിക്കറ്റ് നി‍ര്‍ബന്ധമാക്കിയത്. ​ഗള്‍ഫില്‍ കുടുങ്ങിയ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് നാട്ടിലേക്ക് വരാനുള്ള അവസരമാണ് ഇതിലൂടെ ഇല്ലാതെയായതെന്ന് ചെന്നിത്തല ആരോപിച്ചു.

ലോകകേരള സഭയോ നോ‍ര്‍ക്കയോ പ്രവാസികള്‍ക്കായി ഒന്നും ചെയ്തിട്ടില്ല. എംബസികള്‍ പ്രവാസികളെ തിരിഞ്ഞു നോക്കുന്നില്ല. മുഖ്യമന്ത്രി പറഞ്ഞ ട്രൂനാറ്റ് ടെസ്റ്റ് സൗദിയടക്കം പല രാജ്യങ്ങളിലുമില്ല. ഈ ട്രൂനാറ്റ് റാപ്പിഡ‍് ടെസ്റ്റിന് കേന്ദ്രസര്‍ക്കാര്‍ പോലും ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്നും അദേഹം പറഞ്ഞു.

ടിക്കറ്റിന് പോലും പണമില്ലാതെ ആയിരക്കണക്കിന് പ്രവാസികള്‍ വിവിധ ലേബ‍ര്‍ ക്യാമ്പുകളിൽ കുടുങ്ങികിടക്കുകയാണ്.സര്‍ക്കാര്‍ പറഞ്ഞ സര്‍ട്ടിഫിക്കറ്റ് എവിടെ കിട്ടുമെന്ന് ചോദിച്ച അദേഹം സലാലയിലെ മലയാളികള്‍ പറയുന്നത് അവ‍ര്‍ക്ക് നാല് ദിവസം എങ്കിലും യാത്ര ചെയ്താല്‍ മാത്രമാണ് കോവിഡ് ടെസ്റ്റ് നടത്താന്‍ സാധിക്കൂ എന്നാണെന്നും കൂട്ടിച്ചേര്‍ത്തു. പ്രവാസികളെ മടക്കി കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

അതേസമയം, ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് കോവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം പ്രവാസി മടക്കം തടയാനാണെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പരിശോധന നടത്തിയില്ലെങ്കില്‍ വിമാനം ഏര്‍പ്പാടാക്കുന്ന സംഘടനകള്‍ ട്രൂ നെറ്റ് പരിശോധനയ്ക്ക് ആവശ്യമായ ക്രമീകരണം ഒരുക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്.

രോഗമില്ലാത്തവരും ഉള്ളവരും ഒരു വിമാനത്തില്‍ വരുകയാണെങ്കില്‍ രോഗവ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ പ്രവാസികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

Anweshanam
www.anweshanam.com