അഴിമതി ആരോപണങ്ങള്‍ക്ക് മറുപടിയില്ല; ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടി: ചെന്നിത്തല
Kerala

അഴിമതി ആരോപണങ്ങള്‍ക്ക് മറുപടിയില്ല; ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടി: ചെന്നിത്തല

സഭാ നിയമങ്ങളും ചട്ടങ്ങളും പാലിച്ച് പ്രതിപക്ഷത്തിന് സര്‍ക്കാരിനെ തുറന്ന് കാണിക്കാനായെന്ന് ചെന്നിത്തല പറഞ്ഞു

News Desk

News Desk

തിരുവനന്തപുരം: അഴിമതി ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു മറുപടിയും പറഞ്ഞില്ലെന്ന്‍ മാത്രമല്ല ജനങ്ങളില്‍നിന്ന് ഒളിച്ചോടുന്ന സ്ഥിതിവിശേഷമാണ് അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ഉണ്ടായതെന്നും ചെന്നിത്തല പറഞ്ഞു.

നിയമസഭയില്‍ അംഗബലമുള്ളതുകൊണ്ട് അവിശ്വാസ പ്രമേയം തള്ളി. എന്നാല്‍ സഭാ നിയമങ്ങളും ചട്ടങ്ങളും പാലിച്ച് പ്രതിപക്ഷത്തിന് സര്‍ക്കാരിനെ തുറന്ന് കാണിക്കാനായെന്ന് ചെന്നിത്തല പറഞ്ഞു. അവിശ്വാസ പ്രമേയ ചര്‍ച്ചകള്‍ക്കു ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.

എട്ടോളം അഴിമതി ആരോപണങ്ങളാണ് പ്രതിപക്ഷം ഇന്ന് ഉന്നയിച്ചത്. അവിശ്വാസപ്രമേയത്തിലൂടെ സര്‍ക്കാരിനെ തുറന്നുകാട്ടുകയാണ് പ്രതിപക്ഷം ചെയ്തത്. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രസംഗം ബഡ്ജറ്റ് പ്രസംഗം പോലെ നീണ്ടുപോയതല്ലാതെ കാതലായ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിഞ്ഞില്ല.

സ്പ്രിംഗ്ലര്‍, പമ്പയിലെ മണല്‍ക്കടത്ത്, ബെവ്കോ, സിവില്‍ സ്പ്ലൈസിലെ അഴിമതി, അദാനിയെ സംരക്ഷിക്കല്‍ തുടങ്ങിയ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് മറുപടി ഉണ്ടായില്ല. ദീര്‍ഘമായ പ്രസംഗത്തിലൂടെ മുഖ്യമന്ത്രി വിശദീകരിച്ചത് കിണറുകള്‍ റീച്ചാര്‍ജ് ചെയ്തതും, ഡയാലിസിസ് മെഷീന്‍ വാങ്ങിയതും, കുളം കുഴിച്ചതും തുടങ്ങിയ കാര്യങ്ങളാണ്. എല്ലാ സര്‍ക്കാരുകളും ചെയ്യുന്ന കാര്യം മാത്രമാണ് സര്‍ക്കാര്‍ വിശദീകരിച്ചത്. ഇത് എല്ലാ സര്‍ക്കാരിന്‍റെ കാലത്തും നടപ്പിലാകുന്നതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പഴയ കാലത്തെ രാഷ്ട്രീയ കാര്യങ്ങള്‍ മാത്രം പറഞ്ഞ് ഒളിച്ചോടുകയാണ് മുഖ്യമന്ത്രി ചെയ്തത്. കേരളം കണ്ട ഏറ്റവും ദുര്‍ബലമായ പ്രസംഗമാണ് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും നടത്തിയത്. മാധ്യമങ്ങളെയാണ് മുഖ്യമന്ത്രി കുറ്റംപറഞ്ഞത്. സത്യംപുറത്തുകൊണ്ടുവരുന്ന മാധ്യമപ്രവര്‍ത്തകരെ സോഷ്യല്‍മീഡിയയിലൂടെ വേട്ടയാടുന്നവരെ പിന്തുണയ്ക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രസംഗം നനഞ്ഞ പടക്കം പോലെയായിരുന്നെന്നും ചെന്നിത്തല പറഞ്ഞു.

Anweshanam
www.anweshanam.com