മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുംചേര്‍ന്നുള്ള കൊള്ള സംഘമാണോ കേരളംഭരിക്കുന്നത്; ചെന്നിത്തല

അപമാനം കൊണ്ട് കേരളത്തിലെ ജനതയ്ക്ക് തലതാഴ്‌ത്തേണ്ടി വന്നിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുംചേര്‍ന്നുള്ള കൊള്ള സംഘമാണോ
കേരളംഭരിക്കുന്നത്; ചെന്നിത്തല

കൊച്ചി: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.എന്തൊക്കെയാണ് നമ്മുടെ നാട്ടില്‍ നടക്കുന്നതെന്നും അപമാനം കൊണ്ട് കേരളത്തിലെ ജനതയ്ക്ക് തലതാഴ്‌ത്തേണ്ടി വന്നിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി അറസ്റ്റിലായതിന് പിന്നാലെ മയക്കുമരുന്ന് കേസില്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ ബിനീഷ് കോടിയേരിയേയും ഇ.ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പ്രതികരണം.

‘സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ അറസ്റ്റു ചെയ്യുന്നു. ഇന്ന് കോടിയേരിയുടെ മകനെ അറസ്റ്റു ചെയ്യുന്നു. എന്താണ് നമ്മുടെ നാട്ടില്‍ നടക്കുന്നത്. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ചേര്‍ന്നുള്ള കൊള്ള സംഘമാണോ കേരളം ഭരിക്കുന്നത്. ഈ അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ പാര്‍ട്ടിക്ക് എങ്ങനെ കഴിയുന്നു.

ഇവിടെ നടക്കുന്ന തീവെട്ടിക്കൊള്ള കേരള ജനത മനസിലാക്കുന്നുണ്ട്. മുഖ്യമന്ത്രി എത്ര സംരക്ഷിക്കാന്‍ ശ്രമിച്ചാലും കൊള്ളക്കാരേയും കള്ളന്‍മാരേയും നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരിക തന്നെ ചെയ്യും. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള പലരും ചോദ്യംചെയ്യപ്പെടാന്‍ പോകുകയാണ്.

കേരളീയര്‍ അപമാനം കൊണ്ട് തലതാഴ്‌ത്തേണ്ടി വന്നിരിക്കുന്നു. സര്‍ക്കാരില്‍ നിന്നും ഇത്രയും ഗുരുതരമായ തെറ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇനി ഒന്നും വിശദീകരിക്കാന്‍ ഇവര്‍ക്ക് കഴിയില്ല. നാടാകെ ഇവരുടെ യഥാര്‍ത്ഥ മുഖം മനസിലാക്കിയിരിക്കുകയാണ്.

സ്വര്‍ണക്കടത്തുകേസും മയക്കുമരുന്ന് കേസും തമ്മില്‍ ബന്ധമുണ്ട്. ഈ രണ്ട് കേസുകളും ചേര്‍ത്തു വായിക്കണമെന്നും’ രമേശ് ചെന്നിത്തല പറഞ്ഞു.

‘ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്ന ഏജന്‍സിയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കേന്ദ്ര ഏജന്‍സികളെ കൊണ്ടുവന്നത് മുഖ്യമന്ത്രിയല്ലേ, മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടല്ലേ അവര്‍ ഇവിടെ വന്നത്. ഇത്രയും കാലം ചോദ്യം ചെയ്തിട്ട് എന്ത് കിട്ടിയെന്ന് ചോദിച്ചവര്‍ അറസറ്റ് ചെയ്യുമ്പോള്‍ രാഷ്ട്രീയപകപോക്കലാണെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ.

മുഖ്യന്ത്രി ഇനിയും ആ കസേരയില്‍ തുടരാന്‍ അര്‍ഹനല്ല. എന്നാല്‍ പാര്‍ട്ടി സെക്രട്ടറി രാജിവെക്കണമെന്ന് പറയില്ല. അദ്ദേഹം ദീര്‍ഘകാലം അവിടെ തുടരണമെന്നാണ് എന്റെ അഭ്യര്‍ത്ഥ.

പാര്‍ട്ടി സെക്രട്ടറിയുടെ മക്കള്‍ക്കെതിരായി ഒരു ആരോപണമോ രണ്ട് ആരോപണമോ അല്ല നിരന്തരം ആരോപണം വരുന്നു. അതിന് പാര്‍ട്ടിയുടേയും സര്‍ക്കാരിന്റേയും തണലുണ്ട്. പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനമായതുകൊണ്ടാണ് ഇത്രയും കൃത്യങ്ങള്‍ നടന്നത്.

അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് സി.പി.ഐ.എം നേതൃത്വം കൊടുക്കുകയാണ്.മുഖ്യമന്ത്രിയേക്കാള്‍ വലുതാണ് പാര്‍ട്ടി സെക്രട്ടറി. അദ്ദേഹത്തിന്റെ വീട്ടില്‍ മയക്കുമരുന്ന് കച്ചവടം നടക്കുന്നു. മുഖ്യമന്ത്രിയുടേ ഓഫീസിനകത്ത് അധോലോക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. നാണമില്ലാത്ത സര്‍ക്കാര്‍ എന്തിന് ഇനിയും തുടരണം. ആരെ സംരക്ഷിക്കാനാണ് ഇതെന്നും ചെന്നിത്തല ചോദിക്കുന്നു.

Related Stories

Anweshanam
www.anweshanam.com