ചെന്നിത്തലയുടെ നേതൃത്വത്തിൽ ഫെബ്രുവരി 1 മുതൽ യുഡിഎഫിന്റെ കേരളയാത്ര

കാസര്‍കോഡ് നിന്ന് തുടങ്ങുന്ന ജാഥ 22 ദിവസം കൊണ്ട് കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും ചുറ്റി സഞ്ചരിക്കും
 ചെന്നിത്തലയുടെ നേതൃത്വത്തിൽ ഫെബ്രുവരി 1 മുതൽ യുഡിഎഫിന്റെ കേരളയാത്ര

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന കേരള യാത്ര ഫെബ്രുവരി ഒന്നിന് തുടങ്ങും. കാസര്‍കോഡ് നിന്ന് തുടങ്ങുന്ന ജാഥ 22 ദിവസം കൊണ്ട് കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും ചുറ്റി സഞ്ചരിക്കും. ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും ജാഥയിൽ ഉണ്ടാകും. യുഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡാനന്തരം ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. എല്ലാ രംഗത്തും പരാജയപ്പെട്ട ഗവർണമെന്റിന് എതിരായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ചെന്നിത്തല പറഞ്ഞു.

ബെന്നി ബെഹന്നാനാണ് ജാഥയുടെ കൺവീനർ. ജാഥയുടെ ഏകോപന ചുമതല വിഡി സതീശനാണ്.

കോൺ​ഗ്രസ് മതമേലധ്യക്ഷന്മാരുമായി ചർച്ച നടത്തിയെന്നും അവരുടെ ആശങ്കകൾ പരിഹരിക്കുമെന്നും ചെന്നിത്തല അറിയിച്ചു. വരും ദിവസങ്ങളിൽ അത്തരം നടപടികൾ സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞ നാലര വര്‍ഷക്കാലമായി ജനജീവിതത്തെ കൂടുതല്‍ ദുസ്സഹമാക്കുന്ന, കേരളത്തിന്റെ വികസനം മുരടിപ്പിച്ച ഒരു സര്‍ക്കാര്‍ അധികാരത്തിലിരിക്കുകയാണ്. എല്ലാ ജനവിഭാഗങ്ങളും സര്‍ക്കാരിനെതിരായ തങ്ങളുടെ നിലപാടുകള്‍ പലരീതിയില്‍ പ്രകടിപ്പിക്കുന്നുണ്ട്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുഡിഎഫ് നേതാക്കള്‍ മത നേതാക്കളുമായും മറ്റും ചര്‍ച്ചകള്‍ നടത്തിയെന്നും അവര്‍ ആശങ്കകള്‍ പങ്കുവച്ചെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, പി സി ജോർജിന്റെ മുന്നണി പ്രവേശം യുഡിഎഫ് യോ​ഗം ചർച്ച ചെയ്തില്ല. ജോർജിനെ മുന്നണിയിലെടുക്കുന്നതിനോട് പി ജെ ജോസഫ് വിഭാ​ഗത്തിന് എതിർപ്പാണ് ഉള്ളത്. ജോർജിനെ സ്വതന്ത്രനായി മത്സരിപ്പിക്കാം എന്നാണ് ജോസഫ് വിഭാ​ഗത്തിന്റെ നിലപാട്. സംസ്ഥാന സർക്കാരിനെതിരെ അതിശക്തമായ ജനവികാരം നിലനിൽക്കുന്നതായി തിരുവനന്തപുരത്ത് ചേർന്ന മുന്നണി യോ​ഗം വിലയിരുത്തി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com