
തിരുവനന്തപുരം: റിമാന്‍ഡ് പ്രതി കോട്ടയം മെഡിക്കല്‍ കോളേജില്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസിന്റെ ക്രൂരമര്‍ദ്ധനം മൂലമാണ് ഷെഫീക്ക് മരിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. അറസ്റ്റ് ചെയ്ത ജനുവരി 11 ന് തന്നെ ഷഫീക്കിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. ചൊവ്വാഴ്ച വൈകീട്ട് അബോധാവസ്ഥയിലാണ് ഷെഫീക്കിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുന്നത്.
ആശുപത്രിയില്‍ കൊണ്ടുവരുമ്പോള്‍ ഷഫീക്കിന്റെ തലയ്ക്ക് പിന്നില്‍ ആഴമേറിയ മുറിവുണ്ടായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. തലയ്ക്ക് ശക്തിയായ ക്ഷതമേറ്റതാണെന്നും ഞരമ്പ് പൊട്ടിയിതല്ലന്നും ചികിത്സിച്ച ഡോക്ടറും പറയുന്നു. ക്രൂരമായ പൊലീസ് മര്‍ദ്ദനം നടന്നെന്നാണ് വിവരങ്ങള്‍ വ്യക്തമാക്കുന്നത്. സത്യാവസ്ഥ പുറത്ത് വരാന്‍ ജൂഡീഷ്യല്‍ അന്വേഷണം അനിവാര്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.