
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിലപാട് വ്യക്തമാക്കാനുള്ള ആര്‍ജ്ജവം കാണിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയത്തില്‍ സിപിഎം ആരോടൊപ്പമാണെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും ഒളിച്ചുകളി അവസാനിപ്പിക്കണം. അഴകൊഴമ്പന്‍ നിലപാട് മാറ്റി വിശ്വാസികളോടൊപ്പമാണോ അല്ലയോ എന്ന് വ്യക്തമാക്കുകയാണ് വേണ്ടത്. നവോത്ഥാന നായകന്റെ ചമയങ്ങളും പൊയ്മുഖവും അഴിച്ചുവച്ച് നിലപാട് വ്യക്തമാക്കാന്‍ മുഖമന്ത്രി തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ശബരിമല എന്ന് കേള്‍ക്കുമ്ബോള്‍ സിപിഎം ഭയക്കുകയാണ്. പരസ്യമായി നിലപാടിനെ കുറിച്ച് മാപ്പ് ചോദിച്ചാല്‍ സിപിഎമ്മിനെ അംഗീകരിക്കാം. സത്യവാഗ്മൂലം മാറ്റാന്‍ തയാറുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു.
ശബരിമല വിഷയത്തില്‍ യുഡിഎഫ് വിശ്വാസികള്‍ക്കൊപ്പമാണ്. വിശ്വാസം തകര്‍ക്കാന്‍ ആര് ശ്രമിച്ചാലും അനുവദിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ അനധികൃത നിയമനങ്ങള്‍ പുന പരിശോധിക്കുമെന്ന് ചെന്നിത്തല പറഞ്ഞു.
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത നിലപാട് തെറ്റിപ്പോയെന്ന് പരസ്യമായി പറഞ്ഞ് മാപ്പ് ചോദിക്കാന്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി വിജയ രാഘവന് തയ്യാറാണോയെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന കരട് ബില്ലില്‍ യു.ഡി.എഫില്‍ കൂട്ടായ ചര്‍ച്ചക്ക് ശേഷം അന്തിമ തിരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.