മുഖ്യമന്ത്രിക്ക് തെരഞ്ഞെടുപ്പ് അട്ടിമറി നീക്കം പൊളിഞ്ഞതിലുളള ജാള്യത: രമേശ് ചെന്നിത്തല

കേരളത്തിലെ വോട്ടര്‍മാര്‍ വ്യാജ വോട്ടര്‍മാരെന്ന് താന്‍ പറഞ്ഞതായി മുഖ്യമന്ത്രി കള്ളം പറയുന്നുവെന്നും ഇത് തരംതാണ നടപടിയാണെന്നും ചെന്നിത്തല തിരിച്ചടിച്ചു
മുഖ്യമന്ത്രിക്ക് തെരഞ്ഞെടുപ്പ് അട്ടിമറി നീക്കം പൊളിഞ്ഞതിലുളള ജാള്യത: രമേശ് ചെന്നിത്തല

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കം പൊളിഞ്ഞതിലുളള ജാള്യതയാണ് മുഖ്യമന്ത്രി പിണറായി വിജയന് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ വോട്ടര്‍മാര്‍ വ്യാജ വോട്ടര്‍മാരെന്ന് താന്‍ പറഞ്ഞതായി മുഖ്യമന്ത്രി കള്ളം പറയുന്നുവെന്നും ഇത് തരംതാണ നടപടിയാണെന്നും ചെന്നിത്തല തിരിച്ചടിച്ചു.

വോട്ടര്‍ പട്ടികയില്‍ യഥാര്‍ത്ഥ വോട്ടര്‍ അറിയാതെ നിരവധി തവണ ആ വോട്ടറുടെ പേരില്‍ വ്യാജവോട്ടര്‍മാരെ സൃഷ്ടിച്ചു എന്ന വസ്തുതയാണ് തെളിവ് സഹിതം താന്‍ പുറത്ത് കൊണ്ടുവന്നത്. ഇത് ഇടതു സഹയാത്രികരായ ഉദ്യോഗസ്ഥരുടെ സഹായത്തോടെ സി.പിഎം ആസൂത്രിതമായി നടത്തിയതാണ്. വിവാഹം കഴിഞ്ഞ് മറ്റൊരു നാട്ടിലേക്ക് പോകുമ്പോള്‍ അവിടെയും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നത് മനസിലാക്കാം. അതും സംഭവിക്കാന്‍ പാടില്ലാത്തതാണ്. എന്നാല്‍ ഇവിടെ ഒരു ഫോട്ടോ തന്നെ പലപേരുകളിലും വിലാസങ്ങളിലും പലബൂത്തുകളിലും മണ്ഡലങ്ങളിലും ആവര്‍ത്തിക്കപ്പെട്ടിരിക്കുകയാണ്. ഇത് യഥാര്‍ത്ഥ വോട്ടര്‍മാര്‍ അറിയണമെന്നില്ല.

യഥാര്‍ത്ഥ വോട്ടര്‍ അറിയാതെ അവരുടെ പേരില്‍ വ്യാജ വോട്ട് സൃഷ്ടിച്ച കാര്യമാണ് താന്‍ പുറത്തുവിട്ടത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ എവിടെയാണെന്നതില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പരീക്ഷിച്ച് വിജയിച്ച തന്ത്രം നിയമസഭാ തിരഞ്ഞെടുപ്പില്‍ പിടിക്കപ്പെട്ടതിന്റെ ജാള്യതയും രോഷവുമാണ് മുഖ്യമന്ത്രിയുടെ വാക്കുകളില്‍ നിഴലിച്ചതെന്നും ചെന്നിത്തല പ്രസ്താവനയില്‍ വ്യക്തമാക്കി.

അതേസമയം, ഇരട്ടവോട്ട് വിഷയത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. പ്രതിപക്ഷ നേതാവ് ആളുകളെ കളള വോട്ടര്‍മാരായി ചിത്രീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇരട്ട വോട്ട് വിഷയത്തില്‍ അതിരൂക്ഷമായ വിമര്‍ശനമാണ് മുഖ്യമന്ത്രി ഇന്ന് ചെന്നിത്തലക്കെതിരെ ഉന്നയിച്ചത്. ഇരട്ട സഹോദരങ്ങളുള്‍പ്പെടെ നാലര ലക്ഷമാളുകളെ ചെന്നിത്തല കളളവോട്ടര്‍മാരായി ചിത്രീകരിച്ചുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. കേരളത്തെ അപമാനിക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com