മുഖ്യമന്ത്രി ബഹുരാഷ്‌ട്ര കുത്തക കമ്പനിയുടെ വക്താവായി; ആഞ്ഞടിച്ച് ചെന്നിത്തല
Kerala

മുഖ്യമന്ത്രി ബഹുരാഷ്‌ട്ര കുത്തക കമ്പനിയുടെ വക്താവായി; ആഞ്ഞടിച്ച് ചെന്നിത്തല

സെബി നിരോധിച്ച കമ്പനിയും കൺസൾട്ടൻസി നൽകിയ കമ്പനിയും തമ്മിൽ ഒരു ബന്ധവുമില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണെന്ന്​ പ്രതിപക്ഷ നേതാവ്

News Desk

News Desk

തിരുവനന്തപുരം: മുഖ്യമന്തി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യയിൽ ഏതാണ്ട്​ ഒമ്പത്​ വലിയ കേസുകളിൽ പ്രതിസ്ഥാനത്തു നിൽക്കുന്ന പി.ഡബ്ല്യു.സിയെ വെള്ളപൂശാനുള്ള ശ്രമമാണ്​ മുഖ്യമന്ത്രി നടത്തിയത്. മുഖ്യമന്ത്രി ബഹുരാഷ്ട്ര കുത്തക കമ്പനിയുടെ വക്താവായി മാറിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

പ്രൈസ്​ വാട്ടർ കൂപ്പർ ഹൗസിന്​ കൺസൾട്ടൻസി നൽകിയതിനെ ന്യായീകരിച്ചുകൊണ്ട്​ മുഖ്യമന്ത്രി പറഞ്ഞ വാദങ്ങൾ നില നിൽക്കുന്നതല്ല. സെബി നിരോധിച്ച കമ്പനിയും കൺസൾട്ടൻസി നൽകിയ കമ്പനിയും തമ്മിൽ ഒരു ബന്ധവുമില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണെന്ന്​ പ്രതിപക്ഷ നേതാവ്​ പറഞ്ഞു​. പ്രൈസ്​ വാട്ടർ ഹൗസ്​ ഇന്ത്യയെന്നത്​ പ്രൈസ്​ വാട്ടർ കൂപ്പറിൻെറ ഇന്ത്യയിലെ കമ്പനിയാണ്​.

ഈ കമ്പനി പല പേരുകളിലായി പ്രവർത്തിക്കുന്നുണ്ടെന്ന്​ സെബി കണ്ടെത്തിയിട്ടുണ്ട്​. സെബിയുടെ ഉത്തരവ്​ വായിച്ചുനോക്കാതെ​ മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കത്തക്കവിധമാണ്​ കാര്യങ്ങൾ പറഞ്ഞതെന്നും ചെന്നിത്തല ആരോപിച്ചു.

നിക്​സി(എൻ.ഐ.സി.എസ്​.ഐ) എംപാനൽ കമ്പനിയായതിനാലാണ്​ ടെൻഡർ ഇല്ലാതെ നൽകിയതെന്നാണ്​ മുഖ്യമന്ത്രിയുടെ വാദം. ഇത്​ ശരിയായ നടപടിയല്ല. എൻ.ഐ.സി.എസ്​.ഐയുടെ ചുരുക്കപട്ടികയിൽ ഇടം നേടിയ കമ്പനികളിൽ നിന്ന്​ ഏതെങ്കിലും ഒരു കമ്പനിയെ ​കൺസൾട്ടൻറായി തെരഞ്ഞെടുക്കൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അക്കാര്യം എൻ.ഐ.സി.എസ്​.ഐ അറിയിക്കണമെന്നാണ്​ ചട്ടം. തുടർന്ന്​ അവരാണ്​ കമ്പനിയുമായി കരാറിലേർപ്പെടുകയെന്ന്​ എൻ.ഐ.സി.എസ്​.ഐ 2013ൽ പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.

Anweshanam
www.anweshanam.com