സ്വര്‍ണ്ണക്കടത്ത് കേസ്; മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം
Kerala

സ്വര്‍ണ്ണക്കടത്ത് കേസ്; മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം

സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിക്ക് അറിയില്ലെന്ന് പറയുന്നതിൽ കഴമ്പില്ലെന്ന് രമേശ് ചെന്നിത്തല.

By News Desk

Published on :

തിരുവനന്തപുരം: നയതന്ത്ര ബാഗ് ഉപയോഗിച്ച് സ്വർണ്ണക്കടത്ത് നടത്തിയ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാരിനുമെതിരെ കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയായ സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിക്ക് അറിയില്ലെന്ന് പറയുന്നതിൽ കഴമ്പില്ലെന്നും കള്ളക്കടത്തു കേസ് പ്രതികളെ രക്ഷപ്പെടുത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിച്ചെന്നുമാണ് ചെന്നിത്തലയുടെ ആരോപണം.

മുഖ്യമന്ത്രിയുടെ കീഴിലുള്ള സയൻസ് ആൻഡ് ടെക്നോളജി ഡിപ്പാർട്ട്മെൻറിൽ ആണ് സ്വപ്ന ജോലി ചെയ്തിരുന്നത്. സംസ്ഥാന സർക്കാർ നടത്തിയ സ്പേസ് കോൺഫറൻസിന്‍റെ മുഖ്യ ആസൂത്രകയും സ്വപ്ന സുരേഷ് ആയിരുന്നു. ആദ്യമായി സംഘടിപ്പിക്കപ്പെട്ട കോൺഫറൻസിന്റെ മുഖ്യ സംഘാടകയെ അറിയില്ലെന്ന് മുഖ്യമന്ത്രിക്ക് പറയാൻ കഴിയുമോയെന്ന് ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പുറത്ത് വിട്ട് ചെന്നിത്തല ചോദിച്ചു.

അന്താരാഷ്ട്ര കള്ളക്കടത്തു കേസ് പ്രതികളെ രക്ഷപ്പെടുത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിച്ചു. സ്വപ്നക്ക് സംസ്ഥാന സര്‍ക്കാരുമായി അടുത്ത ബന്ധമുണ്ട്. മുഖ്യമന്ത്രി കണ്ണടച്ച് പാല് കുടിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിനെ കൂടി സിബിഐ അന്വേഷണ പരിധിയിൽ കൊണ്ടുവരണം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നാളെ സംസ്ഥാന വ്യാപകമായി യുഡിഎഫ് പ്രതിഷേധം സംഘടിപ്പിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

കള്ളക്കടത്ത് കേസിൽ കേരളാ പോലീസും വീഴ്ച വരുത്തി. സ്വപനയ്ക്കെതിരായ കേസിൽ അന്വേഷണം വൈകിപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിച്ചു. കോടതി ഇടപെടലിനെ തുടർന്നാണ് ലോജിക്കൽ കൺക്ലൂഷനിലേക്ക് ക്രൈം ബ്രാഞ്ച് എത്തിയത്. സ്വപ്നയുടെ നിയമനം പ്ലേസ്മെന്റ് ഏജൻസിയുടെ തലയിൽ വച്ച് രക്ഷപ്പെടാൻ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Anweshanam
www.anweshanam.com