മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
Kerala

മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

പ്രതിപക്ഷം ഉന്നയിച്ച ഒരു അഴിമതി ആരോപണങ്ങള്‍ക്കും മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

News Desk

News Desk

കോഴിക്കോട്: പ്രതിപക്ഷം ഉന്നയിച്ച ഒരു അഴിമതി ആരോപണങ്ങള്‍ക്കും മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോപണങ്ങളല്ല, വസ്തുതകളാണ് പ്രതിപക്ഷം ഉന്നയിച്ചത്. മൂന്നേമുക്കാല്‍ മണിക്കൂര്‍ നേരം പ്രസംഗിച്ച മുഖ്യമന്ത്രി ഒരു അഴിമതി ആരോപണത്തിനും മറുപടി നല്‍കിയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സ്വര്‍ണക്കടത്തിനെപ്പറ്റിയോ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്ന ഗുരുതര അഴിമതികളെപ്പറ്റിയോ മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല. ശിവശങ്കറിനെപ്പറ്റി അദ്ദേഹം ഒരക്ഷരം മിണ്ടിയില്ല. ഒരു ചോദ്യത്തിന് പോലും മുഖ്യമന്ത്രി ഉത്തരം നല്‍കിയില്ല. സസ്യകൃഷിയെ സംബന്ധിച്ചും മത്സ്യ കുഞ്ഞുങ്ങളെ കായലുകളിലും കുളങ്ങളിലും വിന്യസിക്കുന്നതിനെ സംബന്ധിച്ചും കിണറുകള്‍ റീച്ചാര്‍ജ് ചെയ്യുന്നതിനെപ്പറ്റിയുമാണ് മുഖ്യമന്ത്രി സംസാരിച്ചത്. മുഖ്യമന്ത്രിയുടെ പ്രസംഗം ഗവര്‍ണറുടേയും ധനമന്ത്രിയുടേയും പ്രസംഗങ്ങളുടെ കോപ്പിയടിയാണെന്നും ചെന്നിത്തല പരിഹസിച്ചു.

മൂന്നേമുക്കാല്‍ മണിക്കൂര്‍ നേരം മുഖ്യമന്ത്രി പ്രസംഗിക്കുകയല്ല വായിക്കുകയായിരുന്നു. ആരും നോക്കി വായിക്കരുതെന്ന് നിയമസഭയുടെ ചട്ടങ്ങളിലുണ്ട്. എന്നിട്ടും മുഖ്യമന്ത്രിയോട് സ്പീക്കര്‍ ഒന്നും പറഞ്ഞില്ല. പ്രസംഗം അവസാനിക്കാറായപ്പോള്‍ എഴുതി കൊടുത്ത ആരോപണങ്ങള്‍ക്ക് പോലും മറുപടിയില്ലെന്ന് കണ്ടപ്പോഴാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയത്. തങ്ങളാരും സ്പീക്കറിന്റെ കസേര മറിക്കുകയോ കമ്പ്യൂട്ടര്‍ മറിച്ചിടുകയോ ചെയ്തിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

Anweshanam
www.anweshanam.com