ഫോറന്‍സിക് ഉദ്യോഗസ്ഥർക്ക് ശകാരം, ഭീഷണി; കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നെന്ന് ചെന്നിത്തല

സ്വര്‍ണ്ണകള്ളക്കടത്ത് കേസ് അട്ടിമറിയ്ക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്
ഫോറന്‍സിക് ഉദ്യോഗസ്ഥർക്ക് ശകാരം, ഭീഷണി; കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നെന്ന് ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണ്ണകള്ളക്കടത്ത് കേസ് അട്ടിമറിയ്ക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടേറിയേറ്റില്‍ നടന്നത് സെലക്ടീവ് തീപ്പിടിത്തമാണ്. റിപ്പോര്‍ട്ട് കോടതിയില്‍ എത്തിയ ശേഷം ഒരു ഐജി ഫോറന്‍സിക് ഉദ്യോഗസ്ഥരെ കണക്കറ്റ് ശകാരിച്ചതായും രമേശ് ചെന്നിത്തല പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടി വന്നത് വലിയ തോതിലുള്ള ഭീഷണിയാണ്.

സെക്രട്ടേറിയേറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസിലെ തീ പിടുത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്ന് റിപ്പോര്‍ട്ട് വന്നു. ഇതോടെ സര്‍ക്കാരിന്റെ വാദം പൊളിഞ്ഞു. ഫോറന്‍സിക് റിപ്പോര്‍ട്ട് ആധികാരിക രേഖയായി കോടതിയില്‍ പരിഗണിക്കും. ഷോര്‍ട് സര്‍ക്യൂട് അല്ലെങ്കില്‍ എങ്ങനെയാണ് തീപിടിച്ചത്, ആരാണ് തീവച്ചത് എന്നും ചെന്നിത്തല ചോദിച്ചു.

നിഷ്പക്ഷതക്ക് നേരെയുള്ള വെല്ലുവിളിയായി ഈ ഐജി യുടെ നടപടിയെ കാണണം. ഇതിന് ഐജിക്ക് ആരാണ് അധികാരം നല്‍കിയത്. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത് ആരുടെ നിര്‍ദ്ദേശപ്രകാരമാണ്? സര്‍ക്കാരിന്റെ നിര്‍ദ്ദേശം ഇതിന് പിന്നിലുണ്ടായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു.

കെമിസ്ട്രി വിഭാഗത്തില്‍ നിന്നും വരുന്ന റിപ്പോര്‍ട്ട് നെഗറ്റീവാണെങ്കില്‍ കോടതിയില്‍ നല്‍കരുതെന്നും ഐ ജി ആവശ്യപ്പെട്ടു. ഈ ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി വേണം. ഇതിനു പിന്നില്‍ ഗൂഡാലോചനയുണ്ട്. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് തെളിവുകള്‍ നശിപ്പിക്കുന്നു എന്നുള്ളതിന് ഉദാഹരണമാണിത്. ഇതിന് ഡിജിപിയെയും ചീഫ് സെക്രട്ടറിയെയും ഉപയോഗിക്കുന്നു. ഫൊറന്‍സികില്‍ ശാസ്ത്രജ്ഞര്‍ക്ക് പകരം ഡിജിപി റാങ്കിലുള്ളവരെ നിയമിക്കുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ ഫോറന്‍സികില്‍ എത്തിയാല്‍ സ്വതന്ത്ര സ്വഭാവം നഷ്ടപ്പെടുമെന്നും ചെന്നിത്തല പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com