
രാജീവ് കളമശ്ശേരിയെ അറിയാത്ത മലയാളിയുണ്ടാവില്ല. മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണിയായും വെള്ളാപ്പള്ളി നടേശനായും ഒ. രാജഗോപാലായും മിമിക്രി കലാവേദികളിലൂടെയും ടെലിവിഷന്‍ ചാനലുകളിലൂടെയും കയ്യടി നേടിയ താരമാണ് രാജീവ് കളമശ്ശേരി.
എന്നാല്‍ ഓര്‍മകള്‍ മങ്ങി കലാജീവിതത്തില്‍ നിന്ന് അകന്നു കഴിയുകയാണ് അദ്ദേഹം. അപ്രതീക്ഷിതമായുണ്ടായ ഹൃദസ്തംഭനമാണ് രാജീവിന്റെ ജീവിതം മാറ്റിമറിച്ചത്. അവതരിപ്പിക്കാനിരുന്ന ടെലിവിഷന്‍ പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വീട്ടിലെത്തിയ രാജീവിന് നേരിട്ട ഹൃദയസ്തംഭനത്തെത്തുടര്‍ന്നായിരുന്നു തുടക്കം. ആന്‍ജിയോപ്ലാസ്റ്റി ചെയ്തു വിശ്രമത്തിലിരിക്കെ രാജീവ് കുഴഞ്ഞുവീണതിനെത്തുടര്‍ന്നു വീണ്ടും ആശുപത്രിയിലെത്തിച്ചു. 30നു നടത്തിയ പരിശോധനയില്‍, അസുഖമെല്ലാം മാറിയെന്നും പരിപാടികള്‍ അവതരിപ്പിക്കാമെന്നും ഡോക്ടര്‍ സാക്ഷ്യപ്പെടുത്തി. വീട്ടിലെത്തിയ രാജീവിന് അര മണിക്കൂറിനകം വീണ്ടും അസ്വസ്ഥത തോന്നി. ഹൃദയത്തിനു കുഴപ്പമില്ലെങ്കിലും കടുത്ത തലവേദന സഹിക്കാനാവാത്ത അവസ്ഥയായി. വാക്കുകള്‍ ശരിയാംവണ്ണം പറയാനാവില്ലെന്നതായിരുന്നു പ്രകടമായ തകരാര്‍. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ രാജീവിന് ഓര്‍മകള്‍ നഷ്ടപ്പെടുന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തി.
ഭാര്യ സൈനബയും നാല് മക്കളുമടങ്ങുന്നതാണു രാജീവിന്റെ കുടുംബം. രോഗത്തോട് മല്ലിട്ട് ജീവിക്കുന്ന ഈ കലാകാരന് ഇനി ചിരിക്കാന്‍ സുമനസ്സുകളുടെ സഹായം ആവശ്യമാണ്.
സഹായിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഈ നമ്പറില്‍ ബന്ധപ്പെടുക: 9567134044