വീടൊഴിപ്പിക്കുന്നതിനിടെ ആത്മഹത്യാ ശ്രമം; ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു

ഇന്ന് രാവിലെ ഭർത്താവ് രാജൻ മരിച്ചിരുന്നു
വീടൊഴിപ്പിക്കുന്നതിനിടെ ആത്മഹത്യാ ശ്രമം; ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികളിൽ ഭാര്യയും മരിച്ചു. അമ്പിളിയാണ് മരിച്ചത്. പൊള്ളലേറ്റ ഇവർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ഭർത്താവ് രാജൻ മരിച്ചിരുന്നു.

കോടതി ഉത്തരവ് പ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കുമുന്നില്‍ നെയ്യാറ്റിന്‍കര നെല്ലിമൂട് പോങ്ങില്‍ നെട്ടതോട്ടം കോളനിക്കുസമീപം താമസിക്കുന്ന രാജന്‍ കുടിയൊഴിപ്പിക്കല്‍ തടയാനായി ഭാര്യയെ ചേര്‍ത്തുപിടിച്ച് പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. പോലീസ് വീട്ടിലെത്തിയപ്പോഴാണ് രാജന്‍ ഭാര്യയെ ചേര്‍ത്തു പിടിച്ചുകൊണ്ട് ലൈറ്റര്‍ കത്തിച്ചത്. ഇത് പോലീസ് തട്ടിമാറ്റുന്നതിനിടെ പൊള്ളലേല്‍ക്കുകയായിരുന്നു.

70 ശതമാനത്തോളം പൊള്ളലേറ്റ രാജന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അമ്പിളി ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ടാണ് മരിച്ചത്.

ഈ മാസം 22നാണ് രാജനും ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാജന് 75 ശതമാനം പൊള്ളലേറ്റിരുന്നു. ഇദ്ദേഹത്തിന്റെ രണ്ട് വൃക്കകളും തകരാറിലായിരുന്നു.

താന്‍ തീകൊളുത്തിയിട്ടില്ലെന്നും അടുത്തുണ്ടായിരുന്ന പോലീസുകാരന്‍ കൈകൊണ്ട് ലൈറ്റര്‍ തട്ടിമാറ്റുന്നതിനിടെ തീ പടരുകയായിരുന്നുവെന്ന രാജന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

നെയ്യാറ്റിൻകര പോങ്ങിൽ മൂന്ന് സെന്‍റ് ഭൂമിയിൽ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും ഭാര്യയും രണ്ട് ആൺ മക്കളുമടങ്ങുന്ന കുടുംബം. രാജൻ ഭൂമി കയ്യേറിയെന്നാരോപിച്ച് അയൽവാസി വസന്ത മുൻസിഫ് കോടതിയിൽ കേസ് നൽകിയിരുന്നു. ആറ് മാസം മുൻപ് രാജനെതിരെ കോടതി വിധി പറഞ്ഞു. ഉത്തരവ് നടപ്പാക്കാനായി കോടതിയിൽ നിന്നുള്ള ഉദ്യാഗസ്ഥരും പൊലീസും എത്തിയപ്പോഴായിരുന്നു രാജൻ്റെ ആത്മഹത്യാശ്രമം.

Related Stories

Anweshanam അന്വേഷണം
www.anweshanam.com