മനോഹരം മലപ്പുറം ജില്ലയിലെ ഈ റെയിൽവേ സ്റ്റേഷൻ; അഭിനന്ദന പ്രവാഹം

ചെടികൾ നിറച്ച ചട്ടികൾ കൊണ്ട് മനോഹരമായ സ്റ്റേഷൻ ഒരു തവണയെങ്കിലും സന്ദർശിക്കണമെന്ന ആഗ്രഹമാണ് ഇപ്പോൾ പലരും ട്വിറ്റർ വഴി പങ്കുവെക്കുന്നത്.
മനോഹരം മലപ്പുറം ജില്ലയിലെ ഈ റെയിൽവേ സ്റ്റേഷൻ; അഭിനന്ദന പ്രവാഹം

മലപ്പുറം: മാലിന്യം നിറഞ്ഞതും വൃത്തിഹീനവുമായ റെയിൽവേ സ്റ്റേഷനുകൾക്ക് അപവാദമായി കേരളത്തിലെ ഒരു റെയിൽവേ സ്റ്റേഷൻ ജനശ്രദ്ധയാകർഷിക്കുന്നു. മലപ്പുറം ജില്ലയിലെ പ്രധാന സ്റ്റേഷനായ തിരൂർ സ്റ്റേഷനാണ് റെയിൽവേ മന്ത്രാലയത്തിന്റെയുൾപ്പെടെ അഭിനന്ദനം. ചെടികൾ നിറച്ച ചട്ടികൾ കൊണ്ട് മനോഹരമായ സ്റ്റേഷൻ ഒരു തവണയെങ്കിലും സന്ദർശിക്കണമെന്ന ആഗ്രഹമാണ് ഇപ്പോൾ പലരും ട്വിറ്റർ വഴി പങ്കുവെക്കുന്നത്.

റെയിൽവേ മന്ത്രാലയം തന്നെയാണ് തിരൂർ സ്റ്റേഷന്റെ ഫോട്ടോ ഉൾപ്പെടെ ട്വിറ്ററിൽ പങ്കുവെച്ചത്. ഇതേ തുടർന്ന് നിരവധി പേർ ഇത് റീട്വീറ്റ് ചെയ്യുകയും ചെയ്‌തു. എല്ലാവർക്കും സ്റ്റേഷന്റെ മനോഹാരിതയെ കുറിച്ച് അത്ഭുതമാണ്. പലയിടത്തും കാണാറുള്ളത് പോലെ സ്റ്റേഷന്റെ ഒന്നാം നമ്പർ പ്ലേറ്റ് ഫോം മാത്രമല്ല മനോഹരമായിട്ടുള്ളത്. സ്റ്റേഷനിലെ മൂന്ന് പ്ലാറ്റുഫോമുകളും എല്ലാ വശങ്ങളും ചെടികളും പൂക്കളും കൊണ്ട് മനോഹരമാണ്.

റെയിൽവേ മന്ത്രാലയത്തിന്റെ ട്വീറ്റിന് മറുപടിയായി പലരും വിവിധ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. പലരും വിവിധ ഇടങ്ങളിലെ ശോചനീയാവസ്ഥയും റെയിൽവേയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. തിരൂരിലെ മനോഹാരിത എല്ലായിടത്തേക്കും പരത്തണമെന്നും എല്ലാവർഷവും ഏറ്റവും മികച്ച സ്റ്റേഷൻ കണ്ടെത്തുന്നതിന് ഒരു സർവേ നടത്തണമെന്നും പലരും പറയുന്നു. നമ്മുടെ സ്റ്റേഷനുകൾ ഗ്രീൻ സ്റേഷനുകളായി പ്രകൃതിയോട് ഇണങ്ങുന്നതാക്കണമെന്നും അഭിപ്രായമുണ്ട്.

തിരൂർ റെയിൽവേ സ്റ്റേഷൻ ഇതാദ്യമായല്ല വാർത്തകളിൽ നേടുന്നതും രാജ്യശ്രദ്ധ ആകർഷിക്കുന്നതും. ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലെ ജ്വലിക്കുന്ന ഓർമ്മകൂടിയാണ് തിരൂർ റെയിൽവേ സ്റ്റേഷൻ. 1921 ലെ വാഗൻ ട്രാജഡി ഇന്ത്യ ചരിത്രത്തിലെ ബ്രിട്ടീഷ് ക്രൂരതയുടെ നേർക്കാഴ്ചയാണ്.

Related Stories

Anweshanam
www.anweshanam.com