രാഹുൽ ഗാന്ധി നാളെ കേരളത്തിലെത്തും

ഔദ്യോഗിക ചർച്ചകൾ മാത്രമാണ് ഈ ദിവസങ്ങളിൽ നടക്കുക
രാഹുൽ ഗാന്ധി നാളെ കേരളത്തിലെത്തും

വയനാട്: രാഹുൽ ഗാന്ധി എംപി നാളെ കേരളത്തിലെത്തും. തിങ്കളാഴ്ച രാവിലെ 11.30ന് കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന രാഹുൽ ഗാന്ധി ഉച്ചയ്ക്ക് 12.30ന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കും. ശേഷം ഉച്ചയ്ക്ക് 2 മണിയോടെ എംപി വയനാട്ടിൽ എത്തും.

വയനാട്ടിൽ സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് അനുമതി നിഷേധിച്ച വിവാദം നിലനിൽക്കെയാണ് രാഹുൽ ഗാന്ധിയുടെ മൂന്നു ദിവസത്തെ പെട്ടെന്നുള്ള കേരള സന്ദർശനം. എന്നാൽ, രാഷ്ട്രീയ വിഷയങ്ങൾക്കും വിവാദങ്ങൾക്കും ഇട നൽകാതെ വികസന പദ്ധതികൾ സംബന്ധിച്ച ചർച്ചകളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച വിഷയങ്ങൾക്കുമാകും രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിൽ ഊന്നൽ നൽകുക.

മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തുക തുടങ്ങിയവയാണ് സന്ദർശനംകൊണ്ട് ലക്ഷ്യം വയ്ക്കുന്നതെന്ന് എപി അനിൽകുമാർ എംഎൽഎ പറഞ്ഞു.

മലപ്പുറത്തെയും വയനാട്ടിലെയും സന്ദർശന ദിവസങ്ങളിൽ മറ്റ് പരിപാടികളൊന്നും രാഹുൽ ഗാന്ധി ഏറ്റിട്ടില്ല. ഔദ്യോഗിക ചർച്ചകൾ മാത്രമാണ് ഈ ദിവസങ്ങളിൽ നടക്കുക. ഇതിനിടയിൽ ഭാരത് മാലാ പദ്ധതിയുടെ അലൈയ്ൻമെന്റ് സംബന്ധിച്ച് രാഹുൽ ഗാന്ധി കളക്ടറുമായി ചർച്ച നടത്തും.

Related Stories

Anweshanam
www.anweshanam.com