പുതുവൈപ്പിനിൽ വീണ്ടും സമരം; പൊലീസ് അറസ്റ്റ്
Kerala

പുതുവൈപ്പിനിൽ വീണ്ടും സമരം; പൊലീസ് അറസ്റ്റ്

എൽപിജി വിരുദ്ധ ജനകീയ സമര സമിതിയുടെ നേതൃത്വത്തിലാണ് സമരം.

By News Desk

Published on :

കൊച്ചി: ഐഒസി പ്ലാന്റിനെതിരെ കൊച്ചി പുതുവൈപ്പിനിൽ വീണ്ടും സമരം. എൽപിജി വിരുദ്ധ ജനകീയ സമര സമിതിയുടെ നേതൃത്വത്തിലാണ് സമരം. രാവിലെ മുതൽ തുടങ്ങിയ സമരത്തിൽ നിരവധി പേരാണ് പങ്കെടുത്തത്. സമരക്കാരെ പൊലീസ് എത്തി അറസ്റ്റ് ചെയ്‌ത്‌ നീക്കി.

രാവിലെ ഒമ്പത് മണിക്കാണ് ഐഒസി പ്ലാന്റിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ സമരം തുടങ്ങിയത്. പ്രകടനമായി എത്തിയ സമരക്കാരെ പൊലീസ് എൽപിജി ടെർമിനലിന് മുന്നിൽ വെച്ച് തടഞ്ഞു. തുടർന്ന് സമരക്കാർ ബാരിക്കേഡിന് മുന്നിൽ ഇരുന്ന് പ്രതിഷേധിക്കുകയായിരുന്നു. മണിക്കൂറുകൾ ഇരുന്ന് പ്രതിഷേധിച്ച സമരക്കാർ തുർന്ന് കഞ്ഞിവെച്ച് പ്രതിഷേധിക്കാൻ തുടങ്ങുകയായിരുന്നു.

ഈ സമയത്താണ് കൂടുതൽ പൊലീസ് സ്ഥലത്ത് രണ്ട് ബസുകളിലായി എത്തി സമരക്കാരെ മുഴുവൻ അറസ്റ്റ് ചെയ്ത് നീക്കിയത്. കോവിഡ് പശ്ചാത്തലത്തിൽ നിരോധനാജ്ഞ ലംഘിച്ചു എന്നാണ് പൊലീസ് പറയുന്നത്. അതേസമയം,ഐഒസി നിർമാണം തുടർന്നാൽ സമരം തുടരുമെന്നാണ് സമര സമിതി നേതാക്കൾ അറിയിക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നത് വരെ സമരം തുടരുമെന്നാണ് ഇവർ അറിയിക്കുന്നത്.

Anweshanam
www.anweshanam.com