എൽജിഎസ് ഉദ്യോഗാർത്ഥികൾ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി

റാങ്ക് ഹോൾഡേഴ്‌സ് പ്രതിനിധി റിജു, ഉദ്യോഗാർത്ഥികളായ ബിനീഷ്, മനു എന്നിവരാണ് സമരം നടത്തുന്നത്
എൽജിഎസ് ഉദ്യോഗാർത്ഥികൾ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി

തിരുവനന്തപുരം: നിയമനം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ എൽജിഎസ് ഉദ്യോഗാർത്ഥികൾ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. റാങ്ക് ഹോൾഡേഴ്‌സ് പ്രതിനിധി റിജു, ഉദ്യോഗാർത്ഥികളായ ബിനീഷ്, മനു എന്നിവരാണ് സമരം നടത്തുന്നത്.

സർക്കാർ തീരുമാനം വൈകുന്നതിൽ പ്രതിഷേധിച്ചാണ് ഉദ്യോഗാർത്ഥികൾ നിരാഹാര സമരത്തിലേയ്ക്ക് കടന്നത്. സർക്കാരിന്റെ നടപടി നിരാശാജനകമെന്ന് ഉദ്യോഗാർത്ഥികൾ പ്രതികരിച്ചു.

സർക്കാർ നൽകിയ ഉറപ്പുകൾ ഇന്ന് ഉത്തരവായി ഇറങ്ങുമെന്നായിരുന്നു ഉദ്യോ​ഗാർത്ഥികളുടെ പ്രതീക്ഷ. സമരക്കാർ ഉന്നയിച്ച ആവശ്യങ്ങളെല്ലാം പരിഗണിക്കാമെന്നും, ചില കാര്യങ്ങളിൽ നടപടി അന്തിമഘട്ടത്തിലാണെന്നുമാണ് സർക്കാർ നൽകിയ ഉറപ്പ്. ഉദ്യോഗസ്ഥതല ചർച്ച തൃപ്തികരമായിരുന്നുവെന്നും, ചർച്ചയുടെ അടിസ്ഥാനത്തിൽ ഉടൻ ഉത്തരവുണ്ടാകുമെന്നും മന്ത്രി എ കെ ബാലൻ ഇന്നലെ പറഞ്ഞിരുന്നു. ഉത്തരവുണ്ടായില്ലെങ്കിൽ നിരാഹാര സമരമടക്കമുള്ള രീതികളിലേക്ക് പോകുമെന്ന് സമരക്കാർ നേരത്തെ അറിയിച്ചിരുന്നു.

നിയമനക്കുറവ് പരിഹരിക്കാമെന്ന വാഗ്ദാനമടക്കം സർക്കാർ പാലിച്ചില്ലെന്ന് ഉദ്യോഗാർത്ഥികൾ പറഞ്ഞു. ഇരുപത്തിയെട്ട് ദിവസം സമരം ചെയ്തിട്ടും സർക്കാർ ഇപ്പോഴും തീരുമാനത്തിലെത്തിയിട്ടില്ല. സഹന സമരം ഇനിയും തുടരും. കഴിഞ്ഞ ശനിയാഴ്ച പരീക്ഷയെഴുതിയവർക്കുള്ള മുന്നറിയിപ്പ് കൂടിയാണ് സമരമെന്നും ഉദ്യോഗാർത്ഥികൾ വ്യക്തമാക്കി.

ചർച്ചക്ക് ശേഷവും സിപിഒ, എൽജിഎസ്, അധ്യാപക റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികൾ സമരം തുടരുകയായിരുന്നു. പിഎസ്‍സി ലാസ്റ്റ് ഗ്രേഡ് സെര്‍വെന്‍റ് ഉദ്യോഗാര്‍ത്ഥികളുടെ സമരം 28 ദിവസം പിന്നിട്ടു. 14 ആം ദിവസത്തിലാണ് സിവിൽ പൊലീസ് റാങ്ക് ഹോള്‍ഡേഴ്സിന്‍റെ പ്രതിഷേധം.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com