സെക്രട്ടറിയേറ്റിന്റെ സുരക്ഷ ഉറപ്പാക്കാൻ സായുധ സേനയെ വിന്യസിക്കുന്നു

സെക്രട്ടറിയേറ്റിന്റെ നാല് ഗേറ്റുകളിലുമായി 81 അംഗ സായുധ സേനയെയാണ് വിന്യസിക്കുക
സെക്രട്ടറിയേറ്റിന്റെ സുരക്ഷ ഉറപ്പാക്കാൻ  സായുധ സേനയെ വിന്യസിക്കുന്നു

തിരുവനന്തപുരം: തീപിടുത്തത്തിന് പിന്നാലെ ഉണ്ടായ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിൽ സെക്രട്ടേറിയറ്റിന് ഇനി മുതല്‍ സായുധ സേനയുടെ സുരക്ഷ ഉറപ്പാക്കുന്നു. സെക്രട്ടേറിയറ്റിന്റെ കാവല്‍ കേരള പൊലീസിന് കീഴിലെ സംസ്ഥാന വ്യവസായ സുരക്ഷാ സേനയ്ക്ക് (എസ്‌ഐഎസ്എഫ്) നല്‍കിക്കൊണ്ട് ചീഫ് സെക്രട്ടറി ഉത്തരവിറക്കി.

സെക്രട്ടറിയേറ്റിന്റെ നാല് ഗേറ്റുകളിലുമായി 81 അംഗ സായുധ സേനയെയാണ് വിന്യസിക്കുക. പ്രധാന ഓഫീസുകള്‍ക്ക് മുന്നിലും സേനാംഗങ്ങളുണ്ടാകും. കര്‍ശന സുരക്ഷാ പരിശോധന നടത്തിയതിന് ശേഷം മാത്രമേ ഇനി മുതല്‍ സെക്രട്ടറിയേറ്റിലേക്ക് ആളെ കടത്തിവിടൂ.

സെക്രട്ടറിയേറ്റിന്റെ സുരക്ഷ സംബന്ധിച്ച നിരവധി കമ്മിറ്റി റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.സമരത്തിന്റെ മറവില്‍ പ്രതിഷേധക്കാര്‍ സെക്രട്ടറിയേറ്റില്‍ കടക്കുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ടായിരുന്നു.

പൊതുഭരണ സെക്രട്ടറി അധ്യക്ഷനായി സെക്രട്ടറിയേറ്റ് സുരക്ഷാ സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറിയും സിറ്റി പോലീസ് കമ്മീഷണറും പിഡബ്ല്യുഡി സെക്രട്ടറിയും സമിതിയില്‍ അംഗങ്ങളാണ്. സെക്രട്ടറിയേറ്റിലേക്കുള്ള പ്രവേശനം, പാര്‍ക്കിങ്ങ്, അഗ്നിരക്ഷാമാര്‍ഗങ്ങള്‍, പുറത്തുകടക്കല്‍ തുടങ്ങിയ സംഗതികള്‍ കമ്മിറ്റി വിലയിരുത്തും.

Related Stories

Anweshanam
www.anweshanam.com