പ്രവാസികളുടെ തിരിച്ചുവരവ്: ഉപാധികൾ ഇന്ന് മുതൽ നിർബന്ധം
Kerala

പ്രവാസികളുടെ തിരിച്ചുവരവ്: ഉപാധികൾ ഇന്ന് മുതൽ നിർബന്ധം

ഇന്ന് 21 വിമാനങ്ങളിലായി 3,420 യാത്രക്കാരാണ് വിദേശത്ത് നിന്നും കേരളത്തില്‍ എത്തുന്നത്.

By News Desk

Published on :

കോവിഡിന്റെ പശ്ചാത്തലത്തിൽ വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങുന്നവർക്ക് ഇന്ന് മുതൽ പുതിയ നിബന്ധനകൾ ബാധകം. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. വിവിധ രാജ്യങ്ങളില്‍, അതതിടങ്ങളിലെ നിബന്ധനകള്‍ കൂടി പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

വിദേശത്ത് നിന്ന് മടങ്ങുന്ന എല്ലാവരും എന്‍ 95 മാസ്‌ക്കും ഫേസ് ഷീല്‍ഡും കയ്യുറയും ധരിക്കണം. ഇന്ന് 21 വിമാനങ്ങളിലായി 3,420 യാത്രക്കാരാണ് വിദേശത്ത് നിന്നും കേരളത്തില്‍ എത്തുന്നത്.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കുളള നിബന്ധനകള്‍ ഇങ്ങനെ

സൗദി അറേബ്യ- എന്‍ 95 മാസ്‌കും ഫെയ്‌സ് ഷീല്‍ഡും കയ്യുറയും ധരിക്കണം. കൂടാതെ പിപിഇ കിറ്റ് നിര്‍ബന്ധമാണ്.

യുഎഇ- കൊവിഡില്ലെന്ന ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. എല്ലാ വിമാന യാത്രക്കാരെയും ആന്റിബോഡി ടെസ്റ്റിന് വിധേയമാക്കുന്നുണ്ട്.

ഒമാന്‍, ബഹ്‌റൈന്‍ - എന്‍95 മാസ്‌ക്, ഫെയ്‌സ് ഷീല്‍ഡ്, കൈയുറ എന്നിവ ധരിക്കണം

ഖത്തര്‍- ഖത്തറിലെ മൊബൈല്‍ ആപ്പില്‍ പച്ച സ്റ്റാറ്റസ് കാണിക്കണം

മുകളിൽ പറഞ്ഞ നിർദേശങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ട ബാധ്യത വിമാനക്കമ്പനികള്‍ക്കാണ്. വിദേശത്ത് ടെസ്റ്റ് നടത്താത്തവര്‍ക്ക് നാട്ടില്‍ എത്തുന്ന വിമാനത്താവളത്തില്‍ ആന്റി ബോഡി പരിശോധന നടത്തും. ടെസ്റ്റില്‍ പോസിറ്റീവ് ആകുന്നവര്‍ ആര്‍ടിപിസിആര്‍ അല്ലെങ്കില്‍ ജീന്‍ എക്‌സ്പ്രസ് അല്ലെങ്കില്‍ ട്രൂനാറ്റ് ടെസ്റ്റിന് വിധേയമാകണം. ഇതിനായി എയര്‍പോര്‍ട്ടുകളില്‍ പരിശോധനാ സൗകര്യങ്ങള്‍ ഒരുക്കും.

യാത്രക്കാര്‍ ഉപയോഗിക്കുന്ന പിപിഇ കിറ്റുകള്‍, കൈയുറ, മാസ്‌ക് എന്നിവ വിമാനത്താവളങ്ങളില്‍ നിന്ന് സുരക്ഷിതമായി നീക്കും. നാട്ടിലെത്തുന്ന എല്ലാവരും 14 ദിവസം നിര്‍ബന്ധമായും ക്വാറന്റൈനില്‍ പോകണം. കൂടാതെ യാത്രക്കാര്‍ കൊവിഡ് 19 ജാഗ്രതാ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് വിവരങ്ങള്‍ നല്‍കണമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി തടയല്‍ നിയമം, ദുരന്തനിവാരണ നിയമം എന്നിവ പ്രകാരം നടപടി എടുക്കും.

ഇന്നലെ മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനങ്ങളിലുണ്ടായ ആശയകുഴപ്പം ഉത്തരവ് പുറത്തിറങ്ങിയതോടെ ഒഴിവായിട്ടുണ്ട്. എപ്പോള്‍ മുതലാണ് ഉപാധികള്‍ നടപ്പാക്കുക എന്നതിലായിരുന്നു പ്രധാന സംശയം. അതിനാണ് ഉത്തരവോടെ വ്യക്തത വന്നിരിക്കുന്നത്. പ്രവാസികളുടെ മടക്കവുമായി ബന്ധപ്പെട്ട ഉപാധികള്‍ ഇന്നു മുതല്‍ തന്നെ നടപ്പാക്കണം.

Anweshanam
www.anweshanam.com