
കൊച്ചി: അങ്കമാലിയിലെ യുഡിഎഫ് സ്ഥാനാർത്ഥി റോജി എം ജോണിന്റെ പര്യടന വാഹനങ്ങൾക്ക് മീതെ വൈദ്യുതി പോസ്റ്റും മരവും വീണു. സ്ഥാനാർത്ഥിയും സംഘവും അപകടത്തിൽ നിന്ന് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
എയർപോർട്ട് മരോട്ടിച്ചോട് കനാൽ ബണ്ട് റോഡിൽ വൈകിട്ട് ആറരയോടെയാണ് അപകടം. പതിനഞ്ചാം വാര്‍ഡിലെ തലശേരിയില്‍ നിന്ന് മറ്റൂര്‍ സെന്റ് ആന്റണീസ് പള്ളിയുടെ പുറകിലെ സ്വീകരണ സ്ഥലത്തേക്ക് പര്യടന വാഹന വ്യൂഹം നീങ്ങുകയായിരുന്നു. ഈ സമയം ശക്തമായ കാറ്റും മഴയുമുണ്ടായി. കാറ്റില്‍ മരം കടപുഴകി പൈലറ്റ് ജീപ്പിന് മുകളിലേക്കു വീണു.
എംഎല്‍എയും വാഹനത്തിലുണ്ടായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് എം.പി ആന്റണി, ജില്ലാ പഞ്ചായത്തംഗം അനിമോള്‍ ബേബി എന്നിവര്‍ വാഹനത്തില്‍ നിന്നു താഴെയിറങ്ങി. ഈ സമയം തന്നെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അങ്കമാലിയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് മരം വെട്ടിമാറ്റിയത്.