പ്രകൃതിക്കായുള്ള പോരാട്ട വിജയം; പോരിയോട്ടുമല പാറ ഖനനത്തിന് സ്റ്റേ
Kerala

പ്രകൃതിക്കായുള്ള പോരാട്ട വിജയം; പോരിയോട്ടുമല പാറ ഖനനത്തിന് സ്റ്റേ

ഏറെ നാൾ നീണ്ടു നിന്ന പരിസ്ഥിതി പ്രവർത്തകരുടെയും നാട്ടുകാരുടെയും പ്രതിഷേധത്തിനാണ് താൽക്കാലികമായെങ്കിലും പരിഹാരമായിരിക്കുന്നത്.

By M Salavudheen

Published on :

തിരുവനന്തപുരം: സംസ്ഥാനത്തെ തലസ്ഥാനത്തെ നഗരൂർ ഗ്രാമപഞ്ചായത്തിലെ വെള്ളല്ലൂർ പോരിയോട്ട് മലയിലെ പാറ ഖനനത്തിന് ഏറെ നാളത്തെ പ്രതിഷേധങ്ങൾക്കൊടുവിൽ താൽക്കാലിക സ്റ്റേ. സ്വകാര്യ വ്യക്തിക്ക് പാറ ഖനനത്തിനു വേണ്ടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി നൽകിയ ലൈസൻസ് റദ്ദ് ചെയ്യുവാനും,സ്ഥലത്തെ ഖനന പ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകുവാനും പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. ഏറെ നാൾ നീണ്ടു നിന്ന പരിസ്ഥിതി പ്രവർത്തകരുടെയും നാട്ടുകാരുടെയും പ്രതിഷേധത്തിനാണ് താൽക്കാലികമായെങ്കിലും പരിഹാരമായിരിക്കുന്നത്.

ഇന്ന് കൂടിയ ഗ്രാമ പഞ്ചായത്ത് കമ്മിറ്റിയാണ് സ്റ്റേ നൽകാൻ തീരുമാനമെടുത്തത്. ഇതിനായി പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഗ്രാമപഞ്ചായത്തിലെ 14, 15, 16, 17 വാർഡുകളിലെ ഗ്രാമസഭാ യോഗം ഈ പ്രദേശത്ത് പാറ ഖനനം നടത്തിയാലുണ്ടാകാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ വിശദമായി ചർച്ച ചെയ്ത് ഖനനത്തിനെതിരേ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.

പാറ ഖനനത്തിന് നൽകിയ പാരിസ്ഥിതികാനുമതി പുനപരിശോധിക്കുവാൻ ഗ്രാമ പഞ്ചായത്ത് കമ്മിറ്റി കളക്ടറോട് അഭ്യർത്ഥിച്ച് എടുത്ത തീരുമാനം, പോരിയോട്ട് മലയിലെ റവന്യൂ പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തുന്നതിനു വേണ്ടി ഗ്രാമപഞ്ചായത്ത് കമ്മിറ്റി റവന്യൂ വകുപ്പിന് നൽകിയ നിർദ്ദേശം, 2020 ജനുവരി 13ന് കൂടിയ പഞ്ചായത്ത് ബി.എം.സി കമ്മിറ്റി പോരിയോട്ട് മല പ്രദേശത്തെ ജൈവ വൈവിധ്യ പൈതൃക കേന്ദ്രമാക്കിയ പ്രഖ്യാപനം, ഈ പ്രദേശത്തുകൂടി ഇലക്ട്രിക് ലൈൻ കടന്നു പോകുന്നതായുള്ള നഗരൂർ കെ എസ് ഇ ബി നൽകിയ റിപ്പോർട്ട്, 2020 ഫെബ്രുവരി 6-ന് കൂടിയ ഗ്രാമ പഞ്ചായത്ത് കമ്മിറ്റി പോരിയോട്ട് മലയിലെ ഖനന പ്രവർത്തനങ്ങൾ റദ്ദ് ചെയ്യുന്നതിന് ജില്ലാ കളക്ടറോട് അഭ്യർത്ഥിക്കുവാൻ എടുത്ത തീരുമാനം എന്നിവയുടെയെല്ലാം അടിസ്ഥാനത്തിലാണ് ഇന്ന് കൂടിയ ഗ്രാമ പഞ്ചായത്ത് കമ്മിറ്റി ഐകകണ്ഠേന പോരിയോട്ട് മലയിലെ പാറ ഖനനത്തിന് സ്റ്റോപ്പ് മെമ്മോ നൽകുവാൻ തീരുമാനിച്ച് സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്.

ആദ്യം കൂട്ട് നിന്നതും പഞ്ചായത്ത് അധികാരികൾ

ജൈവവൈവിധ്യ സമ്പന്നമായ നഗരൂർ, പോരിയോട്ടുമല പാറപൊട്ടിക്കൽ അനുമതി നല്കിയതിനെതിരേ ശക്തമായ പ്രതിഷേധമാണ് നടന്നു വന്നിരുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തോളമായി ഒരു നാട് ഒന്നാകെ പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു. 2019 ഓഗസ്റ്റ് 14 ന് ചേർന്ന നഗരൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തിര യോഗം പോരിയോട്ടുമലയിൽ പാറഖനാനുമതി നൽകിയിരുന്നു. എന്നാൽ തീരുമാനം വ്യാജമായി എഴുതി ചേർത്തതാണെന്ന ആക്ഷേപം ഭരണ സമിതി അംഗങ്ങളിൽ നിന്ന് ഉയർന്നു.

ഏറെ അസാധാരണമായ തീരുമാനമാണ് ഭരണസമിതി മിനുട്സിൽ രേഖപ്പെടുത്തിയിരുന്നത്. പാറ ക്വാറി ലൈസൻസ് നൽകുന്നത് സംബന്ധിച്ച് പഞ്ചായത്ത് സമിതിയുടെ അധികാര പരിധിയിൽ ഉള്ളതല്ലാത്തതിനാൽ തീരുമാനം കൈകൊള്ളേണ്ടത് സെക്രട്ടറി ആണെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടതായി മിനിട്സിൽ രേഖപ്പെടുത്തിയിരിക്കുന്നു. അതോടൊപ്പം തന്നെ നിയമങ്ങളും ചട്ടങ്ങളുടേയും അടിസ്ഥാനത്തിൽ ലൈസൻസ് അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഏകകണ്ഠേന തീരുമാനിച്ചതായും പറയുന്നു. കമ്മിറ്റിയിലെ ഈ അസാധാരണത്വം തീരുമാനം എഴുതി ചേർക്കുന്നതിലെ ക്രമക്കേടിലേക്കാണ് വിരൽ ചൂണ്ടുന്നത്.

എന്നാൽ അഗസ്റ്റ് 14 ന് അജണ്ട ചർച്ചയ്ക്ക് വന്നപ്പോൾ തന്നെ അംഗങ്ങൾ അജണ്ട മാറ്റണമെന്ന് ആവശ്യപ്പെട്ടു. പാറക്വാറിക്ക് അനുബന്ധമായ രേഖകളൊന്നും കമ്മിറ്റി മുമ്പാകെ വെയ്ക്കാൻ അംഗങ്ങൾ ആവശ്യപ്പെട്ടപ്പോൾ രേഖകളൊന്നും ചർച്ചയ്ക്ക് വിധേയമാക്കാൻ സെക്രട്ടറി തയ്യാറായില്ല. തുടർന്ന് പാറ ക്വാറി സംബന്ധിച്ച അജണ്ട മറ്റൊരു ദിവസത്തേയ്ക്ക് മാറ്റാൻ അംഗങ്ങൾ ആവശ്യപ്പെട്ടു.ഈ അഭിപ്രായം അംഗീകരിച്ചാണ് യോഗം പിരിഞ്ഞത്.

വർഷങ്ങളുടെ പോരാട്ടം

ഏറെ പരിസ്ഥിതി ലോല മേഖലയാണ് പോരിയോട്ടുമല. മലയുടെ അടിവാരത്തായി തിരുവനന്തപുരം ജില്ലയിലെ തന്നെ ഏറ്റവും വലിയ പാടശേഖരം സ്ഥിതി ചെയ്യുന്നു. മലനിരകളിൽ നിന്ന് ഒഴുകിയെത്തുന്ന നീർച്ചാലുകൾ ഈ പ്രദേശത്തിന്റെ കുടിവെള്ള സ്ത്രോതസുകളിൽ പ്രധാനപ്പെട്ടവയാണ്. കോട്ടിച്ചിറകുളവും ഒരിക്കലും വറ്റാത്ത നീരുറവയായ പോരി യോട്ടുകുളവും ഒരു നാടിന്റെ ജലസമ്പന്നതയിൽ നിറഞ്ഞു നില്ക്കുകയാണ്.

കൂടാതെ കോട്ടിച്ചിറ പ്രദേശത്തെ പട്ടികജാതി കുടുബങ്ങളുടെ ഏക കുടിവെള്ള പദ്ധതിയും ഈ പോരിയോട്ടുമലയുടെ സമീപത്താണ്. ഇരുന്നൂറ്റി അമ്പതിലധികം കുടുബങ്ങൾ മലയുടെ സമീപത്തും അടിവാരങ്ങളിലുമായി താമസിക്കുന്നു. മയിൽ, മുള്ളൻപന്നി, കുറുക്കൻ, കാട്ടുമാക്കൻ, മുയൽ എന്നിവയുടെ ആവാസകേന്ദ്രം കൂടിയാണ് പോരിയോട്ടുമല. ശിവൻമുക്ക് മുതൽ നന്ദായ് വനം കോട്ടിച്ചിറ വെള്ളല്ലൂർ വരെ വ്യാപിച്ചുകിടക്കുന്ന പത്തേക്കറി ലധികം വരുന്ന പ്രകൃതി രമണീയമായ മലയാണ് പൊട്ടിയ്ക്കാൻ വേണ്ടി അധികൃതർ അനുമതി നല്കിയിരുന്നത്.

2016 മുതൽ പാറ ക്വാറി വരുമെന്ന ഭീതിയിൽ ഒരു നാട് മുഴുവൻ അന്നു മുതൽ സമരത്തിലാണ്. എഞ്ചീനീയറിംഗ് കോളേജ് തുടങ്ങുന്നതിന് വേണ്ടിയാണെന്ന് പ്രചരിപ്പിച്ച് കൊണ്ടാണ് പോരിയോട്ടുമല സ്വകാര്യ വ്യക്തി വിലയ്ക്ക് വാങ്ങിയത്.വാങ്ങിയതിന് ശേഷം പാറ ക്വാറിക്കായി അപേക്ഷിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ പോരിയോട്ടുമല സംരക്ഷണ സമിതി രൂപീകരിച്ചു. നാട്ടുകാരുടെ ആശങ്ക മനസ്സിലാക്കി ബി.എം.സി യോഗം അടിയന്തിരമായി ചേർന്നു. ബി.എം. സി അംഗങ്ങൾ സ്ഥലം സന്ദർശിക്കുകയും ഈ സ്ഥലത്ത് യാതൊരു കാരണവശാലും പാറ ക്വാറി ലൈസൻസ് നൽകരുതെന്നും ആവാസ വ്യവസ്ഥയ്ക്ക് കോട്ടം വരുന്നതാണെന്നും ചൂണ്ടിക്കാട്ടി വിശദമായ റിപ്പോട്ട് പഞ്ചായത്തധികൃതർക്ക് നൽകി. കൂടാതെ നഗരൂർ പഞ്ചായത്തിലെ 14, 15, 16, 17 വാർഡുകളിലെ ഗ്രാമസഭാ യോഗം പാറ ക്വാറിക്ക് അനുമതി നൽകരുതെന്ന് മൂന്ന് തവണ പ്രമേയം പാസാക്കി. പോരിയോട്ടുമല സംരക്ഷണ സമിതി നിയമസഭാ പരിസ്ഥിതി സമിതിയ്ക്ക് പാറ ക്വാറിക്ക് നൽകിയ പാരിസ്ഥിതിക അനുമതി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിട്ടുണ്ട്. ഇങ്ങനെ ഏറെ നാളുകൾ നീണ്ട നിരവധി മനുഷ്യരുടെ പോരാട്ടത്തിനാണ് ഇപ്പോൾ താൽക്കാലികമായെങ്കിലും വിജയം കണ്ടിരിക്കുന്നത്.

Anweshanam
www.anweshanam.com