പോപ്പുലർ ഫിനാൻസ് കേസ്: അന്വേഷണം സിബിഐക്ക് കൈമാറി

പോപ്പുലർ ഫിനാൻസ് കമ്പനിക്കെതിരെ റജിസ്റ്റർ ചെയ്ത 1368 കേസുകളും സിബിഐ ഏറ്റെടുക്കും
പോപ്പുലർ ഫിനാൻസ് കേസ്: അന്വേഷണം സിബിഐക്ക് കൈമാറി

കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് അന്വേഷണം സിബിഐക്ക് കൈമാറിക്കൊണ്ട് ഹൈക്കോടതി ഉത്തരവ് പുറത്തിറങ്ങി. പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

പോപ്പുലർ ഫിനാൻസ് കമ്പനിക്കെതിരെ റജിസ്റ്റർ ചെയ്ത 1368 കേസുകളും സിബിഐ ഏറ്റെടുക്കും. കേസ് സിബിഐയ്ക്ക് വിട്ട് കഴിഞ്ഞ സെപ്റ്റംബർ 24ന് സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഇതിനായി പ്രത്യേക സംഘത്തെയും സിബിഐ രൂപീകരിക്കും. വിപുലമായ നിക്ഷേപത്തട്ടിപ്പ് നടന്ന സാഹചര്യത്തിൽ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘമില്ലാതെ കഴിയില്ല. പോപ്പുലർ ഫിനാൻസ് ഉടമകൾ നിക്ഷേപം വിദേശത്തേക്ക് കടത്തിയതായി സംസ്ഥാന പൊലീസ് കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേസ് സിബിഐക്ക് കൈമാറാൻ സംസ്ഥാന സർക്കാർ ശുപാർശ ചെയ്തത്.

നേരത്തെ കേസന്വേഷണം ഏറ്റെടുക്കാന്‍ സിബിഐ വിമുഖത പ്രകടിപ്പിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ കേസ് സിബിഐക്ക് കൈമാറിക്കൊണ്ട് ഉത്തരവിറക്കിയിരുന്നെങ്കിലും കേസ് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന നിലപാടാണ് സിബിഐ ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍ ഈ നിലപാട് തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.

പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനത്തിന്റെ പേരില്‍ 2000 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയതാണ് കേസ്. കേസില്‍ പ്രധാനപ്രതികളായ പോപ്പുലര്‍ ഫിനാന്‍സ് ഉടമ തോമസ് ഡാനിയേല്‍, ഭാര്യ പ്രഭ. മക്കളായ റിനു, റീബ, റിയ എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com