പൂര വിളംബരം പൂര്‍ത്തിയായി; നാളെ തൃശൂര്‍ പൂരം

അതേസമയം, കുറച്ച് ആളുകള്‍ക്ക് മാത്രമേ പൂര വിളംബരത്തിലേക്ക് പ്രവേശനം ഉണ്ടായിരുന്നുള്ളൂ.
പൂര വിളംബരം പൂര്‍ത്തിയായി; നാളെ തൃശൂര്‍ പൂരം

തൃശൂര്‍: കോവിഡ് സാഹചര്യം കണക്കിലെടുത്ത് ചടങ്ങുകള്‍ മാത്രമായി തൃശൂര്‍ പൂര വിളംബരം പൂര്‍ത്തിയായി. ഗജരാജന്‍ എറണാകുളം ശിവകുമാര്‍ നെയ്തലക്കാവ് ഭഗവതിയുടെ തിടമ്‌ബേറ്റി. രാവിലെ എട്ടരയോടെ നെയ്തലക്കാവിലമ്മ വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു.

തുടര്‍ന്ന് തേക്കിന്‍കാട് മൈതാനിയിലെത്തിയ ശേഷം വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലൂടെ അകത്തേക്ക് പ്രവേശിച്ചു. വടക്കുംനാഥനെ വലംവെച്ച് അനുവാദം ചോദിച്ച ശേഷം തെക്കേ ഗോപുരനട തുറന്ന് പൂര വിളംബരം നടത്തി. അതേസമയം, കുറച്ച് ആളുകള്‍ക്ക് മാത്രമേ പൂര വിളംബരത്തിലേക്ക് പ്രവേശനം ഉണ്ടായിരുന്നുള്ളൂ. നാളെയാണ് തൃശൂര്‍ പൂരം.

വാദ്യക്കാരും ദേശക്കാരുമടക്കം 50 പേരാണ് ഓരോ ഘടക പൂരങ്ങളെയും അനുഗമിക്കുക. ഒരാനപ്പുറത്താണ് നാളത്തെ പൂരം. പങ്കെടുക്കുന്നവര്‍ക്ക് കൊവിഡ് ഇല്ല എന്ന് തെളിയിക്കുന്ന രേഖ നിര്‍ബന്ധമാണ്. തിരുവമ്പാടി ഒരാനപ്പുറത്ത് ചടങ്ങുകള്‍ നടത്തും. മഠത്തിലേക്കുള്ള യാത്രയും മീത്തില്‍ നിന്നുള്ള വരവും പേരിന് മാത്രം. തെക്കോട്ടിറക്കത്തിനൊടുവില്‍ തിരുവമ്പാടിക്ക് കുടമാറ്റമില്ല. പാറമേക്കാവിന്റെ പൂരത്തില്‍ പതിനഞ്ചാനകളുണ്ടാകും. കിഴക്കേ ഗോപുരം വഴി വടക്കുംനാഥനിലേക്ക്. അവിടെ ഇലഞ്ഞിത്തറ മേളം നടക്കും. പിന്നീട് തെക്കോട്ടിറക്കം. കുടമാറ്റം പ്രദര്‍ശനത്തിലൊതുക്കും. പൂര നാള്‍ രാത്രി ഇരുവിഭാഗവും വെടിക്കെട്ടിന് തിരി കൊളുത്തും. പിറ്റേന്നാള്‍ ശ്രീ മൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിയല്‍ ഉണ്ടാകും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com