സനൂപ് വധം; രണ്ട് പേർ കസ്റ്റഡിയിൽ

അക്രമിസംഘത്തിൽ അഞ്ചാമതൊരാൾ കൂടിയുള്ളതായി വിവരം.
സനൂപ് വധം; രണ്ട് പേർ കസ്റ്റഡിയിൽ

തൃശ്ശൂര്‍: സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ വധിച്ച കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കേസിൽ മുഖ്യപ്രതിയായ നന്ദനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. രണ്ട് മാസം മുൻപാണ് ഇയാൾ ഗൾഫിൽ നിന്നും നാട്ടിലെത്തിയത് അതിനാൽ തന്നെ ഇയാൾ വിദേശത്തേക്ക് രക്ഷപ്പെടാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് അടിയന്തരമായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.

നന്ദൻ തൃശ്ശൂർ വിട്ടു പുറത്തുപോയിട്ടില്ലെന്ന് നിഗമനത്തിലാണ് പൊലീസിൻ്റെ അന്വേഷണം തുടരുന്നത്. തൃശ്ശൂരിലെ ചില സ്ഥലങ്ങളിൽ ഇയാളെ കണ്ടതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സനൂപിനെ ഒറ്റക്കുത്തിന് കൊന്നതും തലയ്ക്ക് അടിച്ച് മാരകമായി പരിക്കേൽപ്പിച്ചും ആക്രമണത്തിന് നേതൃത്വം നൽകിയതും നന്ദനാണ് എന്നാണ് പൊലീസ് പറയുന്നത്.

സനൂപിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ സഹായിച്ച ചിറ്റിലങ്ങാടി സ്വദേശികളായ രണ്ട് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലയ്ക്ക് ശേഷം പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരാണ് ഇവരെന്നാണ് വിവരം. കസ്റ്റഡിയിലുള്ളവരിൽ നിന്നും ചില നിർണായക വിവരങ്ങൾ ലഭിച്ചതായും സൂചനയുണ്ട്.

നന്ദൻ. ശ്രീരാഗ്, സതീഷ്, അഭയജിത്ത് എന്നിവരെ കൂടാതെ മറ്റൊരാൾ കൂടി കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതായി ഇപ്പോൾ പിടിയിലായവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ടെന്നാണ് സൂചന. ആക്രമണത്തിനിടെ പരുക്കേറ്റ ഇയാൾ ത്യശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെന്ന നിർണായക വിവരവും പിടിയിലായവരിൽ നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്.

അതേസമയം സനൂപിൻറെ പോസ്റ്റുമോർട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തു വന്നു. സനൂപിൻറെ വയറ്റിലും തലയ്ക്ക് പിറകിലുമാണ് പരുക്കുളളത്. ആദ്യത്തെ കുത്തില്‍ വീണുപോയ സനൂപ് പിന്നീട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ തലയ്ക്ക് പിറകില്‍ ഇരുമ്പ് വടി കൊണ്ട് അടിച്ചിടുകയായിരുന്നു.ഈ അടിയാണ് മരണകാരണമായതെന്നാണ് കരുതുന്നത്.

Related Stories

Anweshanam
www.anweshanam.com