
പത്തനാപുരം: കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയുടെയും ഓഫീസ് സെക്രട്ടറിയായിരുന്ന പ്രദീപ് കുമാറിന്റെയും വീടുകളില്‍ പൊലീസ് റെയ്ഡ്. എം.എല്‍.എയുടെ പത്തനാപുരത്തെ ഓഫീസിലും വീട്ടിലുമാണ് റെയ്ഡ്.
നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലാണ് പരിശോധന നടക്കുന്നത്. മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച ഫോണും സിമ്മും കണ്ടെത്താനാണ് പരിശോധന.
ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയയാണ് റെയ്ഡ് ആരംഭിച്ചത്. കാസര്‍ഗോഡ് പോലീസാണ് കേസ് അന്വേഷിക്കുന്നതെങ്കിലും അവര്‍ക്ക് എത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കേസില്‍ അടിയന്തിര റെയ്ഡ് നടത്താന്‍ ലോക്കല്‍ പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു. ഗണേശ്കുമാറിന്റെ വീട്ടില്‍ പരിശോധന നടത്തുന്നതിനൊപ്പം പ്രദീപ് കുമാറിന്റെ കോട്ടാത്തലയിലെ വീട്ടിലും പരിശോധന തുടരുകയാണ്.
കേസില്‍ നേരത്തേ പ്രദീപിനെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ പോലീസിന് കിട്ടിയിരുന്നില്ല. അതിന് മുമ്ബ് തന്നെ കോടതി ജാമ്യം അനുവദിച്ചിരുന്നു.
കഴിഞ്ഞ 24 നാണ് പ്രദീപ് കുമാറിനെ ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ദിലീപിന് അനുകൂലമായി മൊഴി നൽകണമെന്നവശ്യപ്പെട്ട് മാപ്പുസാക്ഷി വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയെന്നാണ് പ്രദീപ് കുമാറിനെതിരായ കേസ് . കഴിഞ്ഞ മാസം 24 ന് പുലർച്ചെയാണ് പത്തനാപുരത്ത് ഗണേഷ് കുമാർ എം എൽ എ യുടെ ഓഫീസിൽ നിന്ന് പ്രദീപ് കുമാറിനെ ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.