വ്യാജ കോവിഡ് റിസൽട്ട് നൽകി തട്ടിപ്പ് നടത്തിയ ലാബ് പോലീസ് അടച്ചു പൂട്ടി
Kerala

വ്യാജ കോവിഡ് റിസൽട്ട് നൽകി തട്ടിപ്പ് നടത്തിയ ലാബ് പോലീസ് അടച്ചു പൂട്ടി

ഇത്തരത്തിൽ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷണം നടന്ന് വരികയാണ്

News Desk

News Desk

മലപ്പുറം: കോവിഡ് പോസിറ്റീവായ വ്യക്തിക്ക് നെഗറ്റീവെന്ന വ്യാജ സർട്ടിഫിക്കറ്റ് നൽകിയ മലപ്പുറം വളാഞ്ചേരിയിലെ അർമ ലബോറട്ടറി പോലീസ് സീൽ ചെയ്തു. സംഭവത്തിൽ ഉടമസ്ഥനെതിരെ പോലീസ് കേസെടുത്തു. വളാഞ്ചേരി - പെരിന്തൽമണ്ണ റോഡിൽ പ്രവർത്തിക്കുന്ന ലാബോറട്ടറിയാണ് പോലീസ് അടച്ചുപൂട്ടിയത്.

ഈ മാസം 14 ന് വളാഞ്ചേരി തൂത സ്വദേശിയായ വ്യക്തി കോവിഡ് ടെസ്റ്റിനായാണ് അർമ ലബോറട്ടറിയെ സമീപിച്ചത്. വിദേശത്തേക്ക് ജോലി ആവശ്യാർത്ഥം പോകുന്നതിനായാണ് ഇയാൾ റെസ്റ്റിന് ഒരുങ്ങിയത്. വ്യക്തികളിൽ നിന്ന് സ്വാബ് സ്വീകരിച്ച് ടെസ്റ്റിനായി കോഴിക്കോടുള്ള മൈക്രോ ഹെൽത്ത് ലബോററ്ററിക്ക് അയക്കുകയാണ് ചെയ്യാറുള്ളത്. മൈക്രോ ഹെൽത്ത് ലാബാണ് സ്വാബ് ടെസ്റ്റ് ചെയ്ത് ഫ്രാഞ്ചൈസികൾക്ക് റിസൾട്ട് നൽകുന്നത്. എന്നാൽ, ഒരു വ്യക്തിക്ക് കോവിഡ് നെഗറ്റീവ് ആയാൽ മാത്രമേ ഫ്രാഞ്ചൈസികളായ ലബോറട്ടറികൾക്ക് റിസൾട്ട് നൽകൂ.

കോവിഡ് പോസിറ്റീവായാൽ നേരിട്ട് ആരോഗ്യ വകുപ്പിന് കീഴിലുള്ള കൊറോണ സെല്ലിന് റിസൾട്ട് നൽകുകയാണ് പതിവ്. എന്നാൽ അർമ ലബോറട്ടറി ഉടമ മൈക്രോ ഹെൽത്ത് ലബോറട്ടറിയുടെ വെബ്‌സൈറ്റിൽ കയറി നെഗറ്റീവായ മറ്റൊരു വ്യക്തിയുടെ സർട്ടിഫിക്കറ്റ് തിരുത്തി തൂത സ്വദേശിയുടെ പേരിലാക്കി നൽകുകയായിരുന്നു. പിന്നീട് തൂത സ്വദേശി കോവിഡ് പോസിറ്റീവായ വിവരം ആരോഗ്യവകുപ്പ് അറിയിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് ഇയാൾ കോഴിക്കോട് മൈക്രോ ഹെൽത്ത് ലബോറട്ടറിക്കെതിരെ പരാതി നൽകുകയായിരുന്നു.

സംഭവത്തിൽ കൃത്രിമത്വം നടന്നതായി മനസിലാക്കിയ മൈക്രോ ഹെൽത്ത് പരാതി വളാഞ്ചേരി പൊലീസിന് കൈമാറുകയായിരുന്നു. മൈക്രോ ഹെൽത്ത് ലബോറട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വളാഞ്ചേരി പോലീസ് അർമ ലാബ് അടച്ച് പൂട്ടി സീൽ ചെയ്തു.ലാബിലെ രജിസ്റ്ററും ഹാർഡ് ഡിസ്‌കും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഉടമയ്ക്കെതിരെ കേസെടുത്തു. ഇത്തരത്തിൽ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷണം നടന്ന് വരികയാണ്.

Anweshanam
www.anweshanam.com