കോഴിക്കോട് യുവാവിന് മര്‍ദ്ദനമേറ്റ സംഭവം; രണ്ട് പോലീസുകാര്‍ക്കെതിരെ നടപടി
Kerala

കോഴിക്കോട് യുവാവിന് മര്‍ദ്ദനമേറ്റ സംഭവം; രണ്ട് പോലീസുകാര്‍ക്കെതിരെ നടപടി

വാണിമേല്‍ നെല്ലിയുള്ളതില്‍ സുധീഷിനെ മര്‍ദ്ദിച്ച സംഭവത്തില്‍ 2 പോലീസുകാരെ സ്ഥലംമാറ്റി

News Desk

News Desk

കോഴിക്കോട് : കോഴിക്കോട് യുവാവിനെ അകാരണമായി മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്കെതിരെ നടപടി. വാണിമേല്‍ നെല്ലിയുള്ളതില്‍ സുധീഷിനെ മര്‍ദ്ദിച്ച സംഭവത്തിലാണ് പോലീസുകാരെ സ്ഥലംമാറ്റിയത്. നാദാപുരം കണ്‍ട്രോള്‍ റൂമിലെ പോലീസുകാരനായ എ.കെ മധു, ഡ്രൈവര്‍ കെ സി ദിലീപ് കൃഷ്ണ എന്നിവരെയാണ് സ്ഥലം മാറ്റിയത്.

യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ വിശദീകരണവുമായി പോലീസ് രംഗത്ത് വന്നിരുന്നു. യുവാവ് ഉള്‍പ്പെടെയുള്ളവര്‍ പ്രദേശത്ത് കൂട്ടം കൂടി മദ്യപിക്കുന്നതായുള്ള പരാതി ലഭിച്ചിരുന്നു. ഇത് അന്വേഷിക്കാനായി സ്ഥലത്തെത്തിയ പോലീസിനെ കണ്ട് ഭയന്ന് ഓടുന്നതിനിടയിലാണ് സുധീഷ് വീണ് പരിക്കേറ്റതാണെന്നാണ് പൊലീസിന്റെ വിശദീകരണം .പ്രദേശത്ത് മദ്യപാനി സംഘങ്ങള്‍ക്കെതിരെ നിരന്തരം പരാതി ഉള്ളതായും പോലിസ് പറയുന്നു.

അതേസമയം പരിക്കേറ്റ സുധീഷ്, അമ്മ മാത, സഹോദരി രാധ എന്നിവര്‍ വളയം പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം തുടരുകയാണ്. പോലീസുകാരെ സസ്പെന്‍റ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.

റോഡില്‍ നില്‍ക്കുകയായിരുന്ന സുധീഷിനെ യാതൊരു കാരണവുമില്ലാതെ പോലീസ് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഇവര്‍ പരാതിപ്പെടുന്നു. മര്‍ദ്ദനത്തില്‍ തലക്കും കൈയ്ക്കും സുധീഷിന് പരിക്കേറ്റിരുന്നു.

Anweshanam
www.anweshanam.com