
തിരുവനന്തപുരം: കടക്കാവൂരില്‍ അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ പൊലീസിനെതിരെ ശിശുക്ഷേമസമിതി രംഗത്ത്. പൊലീസ് എഫ്ഐആര്‍ തയ്യാറാക്കിയതില്‍ വീഴ്ചയുണ്ടെന്നും കേസില്‍ വിവരം നല്കിയാളുടെ സ്ഥാനത്ത് തന്റെ പേര് നല്‍കിയത് ശരിയായില്ലെന്ന് സിഡബ്യുസി ചെയര്‍പേഴ്സണ്‍ അഡ്വക്കറ്റ് എന്‍. സുനന്ദ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേസമയം, കുട്ടിയ്ക്ക് കൗണ്‍സിലിങ് നല്‍കിയത് സിഡബ്യുസിയിലെ സോഷ്യല്‍ വര്‍ക്കറാണെന്നും അവര്‍ വ്യക്തമാക്കി. 'പൊലീസ് കുട്ടിക്ക് കൗണ്‍സിലിംഗ് നല്കി റിപ്പോര്‍ട്ട് ഹാജരാക്കണം എന്ന് മാത്രമാണ് പറഞ്ഞത്. ഒരു ലേഡി കോണ്‍സ്റ്റബിളിനെയും കൂട്ടിയാണ് പതിനാലുകാരനായ കുട്ടിയെ കൗണ്‍സിലിംഗിനായി കൊണ്ടുവന്നത്. പൊലീസിന് നേരത്തേ വിവരം കിട്ടിയതുകൊണ്ടാണല്ലോ കുട്ടിയെ കൗണ്‍സിലിംഗിന് കൊണ്ടുവന്നത്. അപ്പോള്‍ ആ വിവരം നല്‍കിയത് ആരാണോ അവരുടെ പേരാണ്, വിവരം നല്കിയ ആള് എന്ന കോളത്തില്‍ വരേണ്ടത്. അല്ലാതെ ശിശുക്ഷേമസമിതി വിവരം നല്കി എന്നെഴുതുന്നത് തെറ്റാണ്', എന്ന് അഡ്വ. സുനന്ദ പറയുന്നു. നിലവിലെ എഫ്ഐആറില്‍ ഉണ്ടായ പിഴവ് പൊലീസ് തിരുത്തണമെന്നും അവര്‍ അവശ്യപ്പെടുന്നു.
അതേസമയം, പോക്സോ കേസിനെതിരെ കുട്ടിയുടെ അമ്മയുടെ കുടുംബം നിയമ നടപടിക്ക് ഒരുങ്ങുന്നു. കേസ് കള്ളമാണെന്ന് തെളിഞ്ഞതിന് പിന്നാലെയാണ് നടപടിക്ക് ഒരുങ്ങുന്നത്. സംഭവത്തില്‍ ഇന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയേക്കും. മനുഷ്യാവകാശ കമ്മീഷനെയും സമീപിക്കും. ഇക്കഴിഞ്ഞ ഡിസംബര്‍ പതിനെട്ടിനാണ് ഈ കേസില്‍ പോലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്. 14 വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് വക്കം സ്വദേശിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ കേസില്‍ ഇരയുടെ അമ്മ അറസ്റ്റിലാകുന്ന സംസ്ഥാനത്തെ ആദ്യത്തെ കേസ് ആണിത്. കുട്ടിയുടെ അച്ഛന് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.