
തിരുവനന്തപുരം : യോഗ സെന്ററിനായി ആത്മീയാചര്യന് ശ്രീ എമ്മിന് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭൂമി അനുവദിച്ചതിനെ തുടര്‍ന്നുള്ള വിവാദത്തിന്റെ ഭാഗമായി വി.ടി. ബല്‍റാം എം.എല്‍.എയുടെ ഫേസ്ബുക്ക് കുറിപ്പിനെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്. ശ്രി എമ്മിനെ ആര്‍എസ് എസ് സഹയാത്രികനെന്നും ആള് ദൈവമെന്നും വിശേഷിപ്പിച്ച എംഎല്‍എയുടെ വാക്കുകള്‍ അദ്ദേഹത്തെ അറിയുന്ന എല്ലാവരെയും വേദനിപ്പിക്കുമെന്ന് പിജെ കുര്യന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
ആരെങ്കിലും യോഗാ സെന്ററോ മറ്റേതെങ്കിലും സ്വകാര്യ സംരംഭമോ തുടങ്ങാനെന്ന പേരില്‍ ഒരപേക്ഷയുമായി വന്നാല്‍ ചുമ്മാതങ്ങ് കൊടുക്കാനുള്ളതാണോ സര്‍ക്കാര്‍ ഭൂമിയെന്നും യോഗ ഗുരുവില്‍ നിന്ന് ആള്‍ദൈവമായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ആര്‍എസ്എസ് സഹയാത്രികന് ഭൂമി നല്‍കുന്നത് ശരിയല്ലെന്നുമാണ് ബല്‍റാമിന്റെ വിമര്‍ശനം. ഈ പോസ്റ്റ് സമൂഹമാധ്യമങ്ങള്‍ ശ്രദ്ധേയമായതിന്റെ പിന്നാലെയാണ് പിജെ കുര്യന് രഗത്തെത്തിയത്.
പിജെ കുര്യന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ശ്രീ.എം -നെ ക്കുറിച്ച്
സംസ്ഥാന ഗവണ്മെന്റ് ശ്രീ.എം -ന് യോഗ സെന്റര്‍ തുടങ്ങാന്‍ സ്ഥലം അനുവദിച്ചതിന് വിമര്‍ശിച്ചുകൊണ്ടുള്ള ശ്രീ.വി ടി .ബല്‍റാം MLA യുടെ ഫെയ്സ് ബുക്ക് പോസ്റ്റ് എന്റെ ഒരു സുഹൃത്ത് വാട്സ് ആപ്പില്‍ തന്നത് വായിച്ചു.
സര്‍ക്കാര്‍ ഭൂമി നല്‍കിയതിനെ വിമര്ശിക്കുവാന് ശ്രീ.ബല്‍റാമിന് എല്ലാ അവകാശവും ഉണ്ട്. അതിനെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ശ്രീഎം-നെ 'ആള് ദൈവമെന്നും 'RSS സഹയാത്രികനെന്നും' വിശേഷിപ്പിച്ചത് ശ്രീ.എം- നെ അറിയാവുന്നവര്‍ക്കെല്ലാം വേദന ഉണ്ടാക്കുന്നതാണ്.
എനിക്ക് ശ്രീ.എം -മായി നല്ല പരിചയമുണ്ട്. ഞാന്‍ വളരെ ബഹുമാനിക്കുന്ന ഒരു വ്യക്തിത്വമാണ് അദ്ദേഹം. അദ്ദേഹത്തെ ഞാന്‍ പല പ്രാവശ്യം സന്ദര്‍ശിച്ചിട്ടുണ്ട്. അദ്ദേഹം എന്റെ ഭവനത്തിലും ഒരു തവണ വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ എകതായാത്രയില് ഞാന്‍ പങ്കെടുത്തിട്ടുമുണ്ട്. അദ്ദേഹം ആള് ദൈവവുമല്ല RSS ഉംഅല്ല.
എല്ലാ മതങ്ങളെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മതേതര വാദിയാണ്. ഭാരതീയ ദര്‍ശനങ്ങളില്‍ പാണ്ഡിത്യവും ഭാരതീയ സംസ്കാരത്തോട് ആദരവും, പ്രതിബദ്ധതയും ഉണ്ട് എന്നതുകൊണ്ട് ഒരാള്‍ RSS ആകുമോ ?. ആധ്യാത്മിക പ്രഭാഷണം നടത്തുകയും ആധ്യാത്മിക ജീവിതം നയിക്കുകയും ചെയ്യുന്നതുകൊണ്ട് ഒരാള്‍ ആള് ദൈവം ആകുമോ?.
ഒരു MLA ആയ ശ്രീ.ബല്‍റാം മറ്റുള്ളവരെ വിധിക്കുന്നതില്‍ കുറേക്കൂടി വസ്തുതാപരം ആകേണ്ടതായിരുന്നു. ശ്രീ.എം നെക്കുറിച്ചുള്ള വസ്തുതാപരമല്ലാത്ത പരാമര്‍ശങ്ങള്‍ ബല്‍റാം തിരുത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അത്തരമൊരു നടപടി ശ്രീ.എം ന്റെ ആയിരക്കണക്കിന് ആരാധകരുടെ ഹൃദയത്തിലെ മുറിവ് ഉണക്കാന്‍ ആവശ്യമാണ്.
ഞാന്‍ ഇത്രയും എഴുതിയതുകൊണ്ട് ഒരു പക്ഷെ എനിക്കെതിരെ സോഷ്യല്‍ മീഡിയ ആക്രമണം ഉണ്ടായേക്കാം. ഞാനത് ഗൌനിക്കുന്നില്ല.