ജോസ് വിഭാഗത്തെ തിരികെയെടുത്താല്‍ യു.ഡി.എഫ് വിടും; മുന്നറിയിപ്പുമായി പി ജെ ജോസഫ്
Kerala

ജോസ് വിഭാഗത്തെ തിരികെയെടുത്താല്‍ യു.ഡി.എഫ് വിടും; മുന്നറിയിപ്പുമായി പി ജെ ജോസഫ്

ജോസ് കെ മാണിയുമായി ഒരു മുന്നണിയിൽ ഒരുമിച്ച് പോകാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു

News Desk

News Desk

തിരുവനന്തപുരം: ജോസ് വിഭാഗത്തെ മുന്നണിയിലെടുക്കുന്നതിനെതിരെ കടുത്ത നിലപാടുമായി ജോസഫ് വിഭാഗം. ജോസ് കെ.മാണിയെ മുന്നണിയിലേക്ക് തിരികെ കൊണ്ടുവന്നാല്‍ യു.ഡി.എഫ് വിടുമെന്നു പിജെ ജോസഫ് അറിയിച്ചു.

ഇക്കാര്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, ബെന്നി ബഹന്നാന്‍ എന്നിവരെ അറിയിച്ചതായും പി.ജെ.ജോസഫ് പറഞ്ഞു.

ജോസ് കെ മാണിയുമായി ഒരു മുന്നണിയിൽ ഒരുമിച്ച് പോകാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫിനെ വഞ്ചിച്ച വിഭാഗത്തെ ഒപ്പം നിർത്താൻ ചിലർ ശ്രമിക്കുന്നത് ശരിയല്ല. യുഡിഎഫ് എടുത്ത തീരുമാനത്തിൽ മാറ്റം വരുത്തുന്നതും മുന്നണിയായിരിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ജോസ് വിഭാഗവുമായി ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്നും കെപിസിസി പ്രസിഡന്റ് ജോസഫ് വിഭാഗത്തെ അറിയിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നത്തെ പറ്റി മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും ഇത് നീതി പൂർവ്വമല്ലെന്ന് ജോസഫ് നേരത്തെ പറഞ്ഞിരുന്നു. കമ്മിഷനിലെ ഒരംഗം ഇക്കാര്യത്തിൽ ശക്തമായ വിയോജിപ്പ് അറിയിച്ചുവെന്നും ജോസഫ് ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വസ്തുനിഷ്ടമല്ലെന്നും അദ്ദേഹം വാദിച്ചു.

ജോസ്.കെ.മാണിയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയര്‍മാനായി പ്രഖ്യാപിച്ചിട്ടില്ല. പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം തര്‍ക്കത്തിലേക്ക് കടക്കുന്നില്ല എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത്. ചിഹ്നത്തിന്റെ കാര്യം മാത്രമാണ് പറഞ്ഞത്, അതില്‍ റിട്ട് ഹര്‍ജി നല്‍കുമെന്നും ഒപ്പം ജോസ് കെ മാണിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കുമെന്നും പി.ജെ.ജോസഫ് പറഞ്ഞു. കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കാര്യങ്ങള്‍ ശരിക്കും പഠിച്ചിട്ടില്ലെന്നും പി.ജെ.ജോസഫ് കുറ്റപ്പെടുത്തി.

Anweshanam
www.anweshanam.com