കുട്ടനാട് വിട്ടുകൊടുക്കില്ലെന്ന് പിജെ ജോസഫ്

കുട്ടനാട് വിട്ടുകൊടുക്കില്ലെന്ന് പിജെ ജോസഫ്

ഇത് സംബന്ധിച്ച് മുന്നണിയിൽ ധാരണയായതാണ്.

തൊടുപുഴ: കുട്ടനാട്ട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനു വേണ്ടി ജോസഫ് വിഭാ​ഗം സ്ഥാനാർത്ഥി തന്നെ മത്സരിക്കുമെന്ന് കേരളാ കോൺ​ഗ്രസ് എം നേതാവ് പിജെ ജോസഫ് പറഞ്ഞു. ഇത് സംബന്ധിച്ച് മുന്നണിയിൽ ധാരണയായതാണ്. ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ആവർത്തിച്ച പിജെ ജോസഫ്, പാർട്ടി ചെയർമാൻ എന്ന നിലയിൽ ജോസ് സ്റ്റീയറിങ് കമ്മിറ്റി വിളിച്ചത് നിയമവിരുദ്ധമാണെന്നും ആരോപിച്ചു.

വിപ്പ് ലംഘന പരാതിയിൽ നിയമസഭാ സ്പീക്കർക്ക് നിയമാനുസൃതമായേ പ്രവർത്തിക്കാൻ കഴിയൂ എന്നും പിജെ ജോസഫ് പറഞ്ഞു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. വിധിക്കെതിരെ ഡല്‍ഹി ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നതു സംബന്ധിച്ച് നിയമവിദ​ഗ്ധരുമായി പാർട്ടി കൂടിയാലോചനകളും തുടങ്ങിയിരുന്നു.

അതേസമയം, ജോസ് കെ മാണിയെ തിരികെ കൊണ്ടുവരാനുള്ള യുഡിഎഫ് നീക്കത്തിൽ കടുത്ത എതിർപ്പ് അറിയിച്ചിരിക്കുകയാണ് പിജെ ജോസഫ്. ജോസ് വിഭാഗത്തെ തിരികെയെടുത്താൽ മുന്നണി വിടുമെന്ന് ജോസഫ് കോൺഗ്രസ് നേതാക്കളെ കണ്ട് മുന്നറിയിപ്പ് നൽകി. മുന്നണികള്‍ തങ്ങളെ ക്ഷണിക്കുന്നതിൽ ജോസഫിന് ഹാലിളകിയെന്നായിരുന്നു ജോസ് പക്ഷത്തിന്‍റെ പ്രതികരണം.

Last updated

Anweshanam
www.anweshanam.com