വിജിലൻസിന്‍റെ പരിശോധനയില്‍ അസ്വാഭാവികതയില്ല; കെഎസ്എഫ്ഇ റെയ്ഡിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

ഇതിന് മുൻപ് 2019 ൽ കെഎസ്എഫ്ഇയിൽ വിജിലൻസ് പരിശോധന നടന്നിരുന്നു

വിജിലൻസിന്‍റെ പരിശോധനയില്‍ അസ്വാഭാവികതയില്ല; കെഎസ്എഫ്ഇ റെയ്ഡിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്എഫ്ഇയുടെ വിവിധ ശാഖകളിൽ വിജിലൻസ് നടത്തിയ റെയ്ഡിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിജിലൻസ് നടത്തിയത് അവരുടേതായ പരിശോധനയാണ്. ക്രമക്കേടുണ്ടെങ്കിൽ വിജിലൻസ് സർക്കാരിന് റിപ്പോർട്ട് നൽകും. തുടർ നടപടി സ്വീകരിക്കേണ്ടത് സർക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിജിലൻസ് നടത്തിയത് പരിശോധനയാണ്, റെയ്ഡല്ല. ഇതിന് മുൻപ് 2019 ൽ കെഎസ്എഫ്ഇയിൽ വിജിലൻസ് പരിശോധന നടന്നിരുന്നു. പതിനെട്ട് തവണയാണ് അന്ന് പരിശോധിച്ചത്. കെഎസ്എഫ്ഇയിൽ പോരായ്മ കണ്ടെത്തിയത് വിജിലൻസാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ എന്തെങ്കിലും ക്രമക്കേടുകള്‍ ഉണ്ടെങ്കില്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി നടത്തുന്നതാണ് ഇത്തരം പരിശോധന. ഏതെങ്കിലും ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ക്രമക്കേട് നടക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചാല്‍ വിജിലന്‍സിന്റെ ഇന്റലിജന്‍സ് വിഭാഗം ആ ക്രമക്കേടുകളെ പറ്റി രഹസ്യാന്വേഷണം നടത്തും. റിപ്പോര്‍ട്ട് ശരിയാണ് എന്ന കണ്ടാല്‍ യൂണിറ്റ് മേധാവികള്‍ സോഴ്‌സ് റിപ്പോര്‍ട്ട് തയ്യാറാക്കും. എന്നിട്ട് ആ റേഞ്ചിന്റെ പോലീസ് സൂപ്രണ്ട് വഴി മിന്നല്‍ പരിശോധന ഉത്തരവ് ലഭിക്കുന്നതിന് വേണ്ടി വിജിലന്‍സ് ആസ്ഥാനത്തേക്ക് അയക്കും. വിജിലന്‍സ് ആസ്ഥാനമാണ് അത് പരിശോധിക്കുക. ആവശ്യമാണെങ്കില്‍ മിന്നല്‍ പരിശോധനയ്ക്ക് തീയതി നിശ്ചയിച്ച് ഉത്തരവ് നല്‍കും ഇതാണ് രീതി. മിന്നല്‍ പരിശോധനയ്ക്ക് വിജിലന്‍സ് ഡയറക്ടറുടെ അനുമതിയാണ് വേണ്ടത്. മറ്റേത് തരത്തിലുള്ള അനുമതിയും തേടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെഎസ്എഫ്ഇയിലെ പരിശോധനയിൽ രമൺ ശ്രീവാസ്തവയ്ക്ക് പങ്കില്ല. പരിശോധന നടത്താൻ രമൺ ശ്രീവാസ്തവയ്ക്ക് ആരും നിർദേശം നൽകിയിട്ടില്ല. മാധ്യമങ്ങൾ പച്ചക്കളം പടച്ചുവിടുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com