
തിരുവനന്തപുരം: നിയമസഭയിലെ പ്രസംഗത്തില്‍ റെക്കോഡിട്ട് മുഖ്യമന്ത്രി പിണറായി വിജയന്. സഭാ ചരിത്രത്തിലെ ഒരംഗത്തിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗമാണ് മുഖ്യമന്ത്രി നടത്തിയത്.
മൂന്ന് മണിക്കൂറും 45 മിനിറ്റുമാണ് മുഖ്യമന്ത്രി സഭയില്‍ പ്രസംഗിച്ചത്. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിനു മറുപടി നല്‍കുമ്ബോഴാണ് ദീര്‍ഘ പ്രസംഗം നടത്തിയത്. ഇതിന് മുമ്പ് ഏറ്റവും ദൈർഘ്യമേറിയ പ്രസംഗം നടത്തിയത് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് രണ്ട് മണിക്കൂർ 55 മിനിറ്റായിരുന്നു ഉമ്മൻചാണ്ടിയുടെ ബജറ്റ് പ്രസംഗം.
മുഖ്യമന്ത്രി ഫുള്‍സ്റ്റോപ്പില്ലാതെ പ്രസംഗം തുടര്‍ന്നപ്പോള്‍ പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടത്തളത്തിലിറങ്ങി. പ്രധാനചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. സഭാനേതാവിനേയും പ്രതിപക്ഷനേതാവിനേയും നിയന്ത്രിക്കാറില്ലെന്ന് സ്പീക്കര്‍ വിശദീകരിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കൂട്ടംകൂടരുതെന്ന് പ്രതിപക്ഷത്തോട് സ്പീക്കര്‍ അഭ്യര്‍ഥിക്കുന്നുണ്ടായിരുന്നു.
പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കാമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. അല്പസമയം പ്രസംഗം തടസപ്പെട്ടെങ്കിലും പ്രതിഷേധത്തിനിടെ എഴുതിവായിച്ച പ്രസംഗം അദ്ദേഹം പൂര്‍ത്തിയാക്കി.