സംസ്ഥാനത്ത് ഇന്ന് 152 കോവിഡ് കേസുകള്‍; നൂറ് കടക്കുന്നത് തുടര്‍ച്ചയായ ആറാം ദിവസം
Kerala

സംസ്ഥാനത്ത് ഇന്ന് 152 കോവിഡ് കേസുകള്‍; നൂറ് കടക്കുന്നത് തുടര്‍ച്ചയായ ആറാം ദിവസം

81 പേരാണ് രോഗമുക്തരായത്. 

News Desk

News Desk

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 152 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 81 പേരാണ് രോഗമുക്തരായത്. രോഗം ബാധിച്ച 152 പേരില്‍ 98 പേര്‍ വിദേശത്ത് നിന്ന് വന്നവരും 46 പേര്‍ മറ്റ് സംസ്ഥാനത്ത് നിന്ന് വന്നവരുമാണ്. സമ്പര്‍ക്കം മൂലം എട്ടുപേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. 3603 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

4941 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. ഇതുവരെ സംസ്ഥാനത്ത് 148827 സാമ്പിളുകൾ പരിശോധനക്കയച്ചു. 1691 പേർ നിലവിൽ ചികിത്സയിലുണ്ട്. 154759 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 2282 പേർ ആശുപത്രികളിലാണ്. ഹോട്ട്സ്പോട്ടുകളുടെ എണ്ണം 111 ആയിട്ടുണ്ട്.

താത്പര്യമുള്ള പ്രവാസികളെയെല്ലാം കേരളത്തിലേക്ക് എത്തിക്കും, അതിന് വേണ്ട സൗകര്യമൊരുക്കുമെന്ന് സർക്കാർ പറഞ്ഞതാണ്. അതില്‍ നിന്ന് പുറകോട്ട് പോയിട്ടില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഈ നിമിഷം വരെ കേരളം ഒരു വിമാനത്തിന്‍റെ യാത്രയും മുടക്കിയിട്ടില്ല. 72 വിമാനങ്ങൾക്ക് ഇന്ന് മാത്രം കേരളത്തിലേക്ക് വരാൻ അനുമതി നൽകി. 14058 പേർ ഇന്ന് ഈ വിമാനങ്ങളിൽ നാട്ടിലെത്തും. ഒന്നൊഴികെ ബാക്കി 71 ഉം ഗൾഫിൽ നിന്ന് വരുന്നവയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

"വിദേശത്ത് നിന്നെത്തി രോഗം സ്ഥിരീകരിച്ചവർക്ക് സൗജന്യമായി ചികിത്സ നൽകി. ഗുരുതര രോഗമുള്ള വയോജനങ്ങളെയടക്കം ഭേദമാക്കാൻ സാധിക്കുന്നുണ്ട്. കേരളത്തിലേക്കുള്ള യാത്ര മുടങ്ങിയത് കൊണ്ട് ആരും മരിച്ചിട്ടില്ല. ഓരോ നാട്ടിലും ലഭ്യമായ ചികിത്സാ സൗകര്യം അവർക്ക് ലഭിക്കുന്നുണ്ട്," പ്രവാസികളുടെ മടക്കം സംബന്ധിച്ച മന്ത്രിസഭാ തീരമാനങ്ങളെ വിമര്‍ശിച്ച പ്രതിപക്ഷത്തിനുള്ള പ്രതികരണമായി അദ്ദേഹം പറഞ്ഞു.

സംസ്ഥാനം ഇതുവരെ കർക്കശമായ നിലപാടെടുത്തു. ഇനിയും തുടരും. യാഥാർത്ഥ്യങ്ങൾ ആരെങ്കിലും മൂടിവെച്ചാൽ ഇല്ലാതാകില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Anweshanam
www.anweshanam.com