
തിരുവനന്തപുരം: നിയമസഭയില്‍ അഞ്ച് പതിറ്റാണ്ടിന്റെ രാഷ്ട്രീയ ജീവിതം തികയ്ക്കുന്ന ഉമ്മന്‍ചാണ്ടിയ്ക്ക് ആശംസകള്‍ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. മാതൃഭൂമി പത്രത്തിലെഴുതിയ ലേഖനത്തിലായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് ആശംസകള്‍ നേര്‍ന്നത്.
കഠിനാധ്വാനിയായ സ്ഥിരോത്സാഹി എന്നാണ് ഉമ്മന്‍ ചാണ്ടിയെ പിണറായി വിജയന് ലേഖനത്തില്‍ വിശേഷിപ്പിച്ചത്. നിയമസഭാ സാമാജികത്വത്തിന്റെ സുദീര്‍ഘമായ ചരിത്രമുള്ളവര്‍ക്കാര്‍ക്കും വിജയത്തിന്റേത് മാത്രമായ ചരിത്രം അവകാശപ്പെടാനില്ലെന്നും ആദ്യമായി ജയിച്ചതുമുതല്‍ എല്ലാ സഭകളിലും ഉണ്ടാകുക എന്ന ചരിത്രവും ആര്‍ക്കുമില്ലെന്നും പിണറായി വിജയന് പറഞ്ഞു.
നിയമസഭയില്‍ അഞ്ച് പതിറ്റാണ്ട് പൂര്‍ത്തിയാക്കുക, അതും ഒരേ മണ്ഡലത്തില്‍ നിന്ന് തന്നെ ആവര്‍ത്തിച്ച് തെരഞ്ഞെടുക്കപ്പെട്ട് നിയമസഭയിലെത്തുക. തെരഞ്ഞെടുപ്പിനെ നേരിട്ട ഒരു ഘട്ടത്തില്‍ പോലും പരാജയമെന്തെന്നത് അറിയാനിടവരാതിരിക്കുക, ഇതൊക്കെ ലോക പാര്‍ലമെന്ററി ചരിത്രത്തില്‍ തന്നെ അത്യപൂര്‍വം പേര്‍ക്ക് മാത്രം സാധ്യമായിട്ടുള്ള കാര്യങ്ങളാണ്. ആ അത്യപൂര്‍വം നിയമസഭാ സാമാജികരുടെ നിരയിലാണ് ഉമ്മന്‍ചാണ്ടിയുടെ സ്ഥാനം.
എഴുതുപതുകളുടെ തുടക്കം നിരവധി യുവാക്കള്‍ കേരള നിയമസഭയില്‍ എത്തി എന്ന പ്രത്യേകത കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. അവരില്‍ മറ്റൊരാള്‍ക്കും സാധ്യമാവാത്ത നേട്ടം ഉമ്മന്‍ ചാണ്ടിക്കുണ്ടായി. മൂന്ന് വട്ടം മന്ത്രിയായി. നാലാം വട്ടം മുഖ്യമന്ത്രിയായി. ധനം ആഭ്യന്തരം തൊഴില്‍ തുടങ്ങി സുപ്രധാന വകുപ്പുകള്‍ അദ്ദേഹത്തിന് കൈകാര്യം ചെയ്യാന്‍ സാധിച്ചു. ജീവിതം രാഷ്ട്രീയത്തിന് വേണ്ടി സമര്‍പ്പിച്ച വ്യക്തിയാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ അമ്പതാം വാര്‍ഷികം നാളെ കോട്ടയത്ത് വെച്ചാണ് നടക്കുന്നത്. കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന സുകൃതം സുവര്‍ണ്ണം പരിപാടി കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സോണിയാ ഗാന്ധി ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യും.
രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ 16 ലക്ഷം പേര് ഓണ്‍ലൈനിലൂടെ പരിപാടിയില്‍ പങ്കെടുക്കും.