നാളെ കരിദിനം, പിണറായിയുടെ കോലം കത്തിക്കും; ബിജെപി
Kerala

നാളെ കരിദിനം, പിണറായിയുടെ കോലം കത്തിക്കും; ബിജെപി

സ്വര്‍ണ്ണക്കള്ളക്കടത്തിനും രാജ്യദ്രോഹത്തിനും കൂട്ടു നില്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭം ശക്തമാക്കുന്നു.

By News Desk

Published on :

തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്തിനും രാജ്യദ്രോഹത്തിനും കൂട്ടു നില്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭം ശക്തമാക്കുന്നു. അതിന്റെ ഭാഗമായി ജൂലായ് 21, ചൊവ്വാഴ്ച്ച സംസ്ഥാന വ്യാപകമായി കരിദിനമാചരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അറിയിച്ചു. സംസ്ഥാനത്തെ ഭവനങ്ങളില്‍ ചൊവ്വാഴ്ച്ച പ്രതിഷേധ ജ്വാലതെളിയിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.

പത്തു ലക്ഷം വീടുകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധാഗ്നി ജ്വലിപ്പിക്കും. വാര്‍ഡുതലത്തില്‍ കേന്ദ്രീകരിച്ച് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചും പ്രതിഷേധിക്കും. സ്വര്‍ണ്ണക്കള്ളക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് ഒത്താശ ചെയ്തതിന്റെ കൂടുതല്‍ വിവരങ്ങള്‍ ഓരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുകയാണ്.

അന്വേഷണം മുഖ്യമന്ത്രിയിലേക്കും അദ്ദേഹത്തിന്റെ വിശ്വസ്ഥരിലേക്കും നീളുന്ന സാഹചര്യമാണുള്ളത്. എന്നിട്ടും സ്ഥാനത്തു നിന്ന് മാറിനിന്ന് അന്വേഷണത്തെ നേരിടാനുള്ള മര്യാദ പിണറായി കാണിക്കാത്തത് കേരളജനതയ്ക്കാകെ നാണക്കേടാണെന്ന് സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് ബിജെപി നേതൃത്വം നല്‍കുമെന്നും സുരേന്ദ്രൻ അറിയിച്ചു.

Anweshanam
www.anweshanam.com