കോവിഡ് മരുന്ന് പരീക്ഷണത്തിന് കൊച്ചിയിലെ മരുന്നു കമ്പനിക്ക് അനുമതി
Kerala

കോവിഡ് മരുന്ന് പരീക്ഷണത്തിന് കൊച്ചിയിലെ മരുന്നു കമ്പനിക്ക് അനുമതി

മരുന്നുഗവേഷണ സ്ഥാപനമായ പിഎന്‍ബി വെസ്പെര്‍ ലൈഫ് സയന്‍സ് എന്ന കമ്പനിക്കാണ് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയത്.

News Desk

News Desk

കൊച്ചി: കോവിഡ് ചികിത്സയ്ക്കുള്ള രണ്ടാംഘട്ട ക്ലിനിക്കല്‍ മരുന്നു പരീക്ഷണത്തിന് കൊച്ചി ആസ്ഥാനമായ കമ്പനിയ്ക്ക് അനുമതി. മരുന്നുഗവേഷണ സ്ഥാപനമായ പിഎന്‍ബി വെസ്പെര്‍ ലൈഫ് സയന്‍സ് എന്ന കമ്പനിക്കാണ് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയത്.

ഒന്നാം ഘട്ട പരീക്ഷണത്തില്‍ മനുഷ്യരില്‍ ഏറ്റവും സുരക്ഷിതവും ഫലപ്രദവും എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ക്ക് തയാറെടുക്കുന്നത്. അറുപതുദിവസത്തിനകം ഇത് പൂര്‍ത്തിയാക്കും. പുണെ ബിഎംജെ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുളള നാല്‍പത് കോവിഡ് രോഗികളില്‍ മരുന്ന് പരീക്ഷിക്കും. ലോകത്ത് കോവിഡ് രോഗികളില്‍ വാക്‌സിനേഷന്‍ അല്ലാതെ പരീക്ഷിക്കുന്ന ആദ്യ മരുന്നാണിതെന്ന് പിഎന്‍ബി വെസ്പെര്‍ അവകാശപ്പെട്ടു. രണ്ടാം ഘട്ട പരീക്ഷണത്തിന് ശേഷം രാജ്യത്തെ 6 മെഡിക്കല്‍ കോളജുകളിലായി 350 കോവിഡ് രോഗികളില്‍ മൂന്നാം ഘട്ട പരീക്ഷണം നടത്താനാണ് സ്ഥാപനം ലക്ഷ്യമിടുന്നത്.

കോവിഡ് 19 മരുന്ന് പരീക്ഷണങ്ങളുടെ ഭാഗമാകാന്‍ യു.കെ. സര്‍ക്കാരുമായുള്ള ചര്‍ച്ചയും നടക്കുന്നുണ്ട്. അമേരിക്കന്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും പുതിയ പരീക്ഷണങ്ങളില്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പിഎന്‍ബി അധികൃതര്‍ അറിയിച്ചു.

Anweshanam
www.anweshanam.com