യുഡിഎഫ് ദുര്‍ബലം; ശക്തിപ്പെടുത്താന്‍ താന്‍ മുന്നണിയിലേക്ക് വരുന്നുവെന്ന് പി സി ജോര്‍ജ്

യുഡിഎഫുമായി ചര്‍ച്ച നടത്തുന്നതിന് ജനപക്ഷം സെക്യുലര്‍ അഞ്ചംഗ കമ്മിറ്റി രൂപവത്കരിച്ചതായും അദേഹം വ്യക്തമാക്കി
യുഡിഎഫ് ദുര്‍ബലം; ശക്തിപ്പെടുത്താന്‍ താന്‍ മുന്നണിയിലേക്ക് വരുന്നുവെന്ന് പി സി ജോര്‍ജ്

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് പ്രവേശന സാധ്യതകള്‍ വെളിപ്പെടുത്തി വീണ്ടും പി സി ജോര്‍ജ്. ദുര്‍ബലമായ യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ താന്‍ മുന്നണിയിലേക്ക് വരുന്നുവെന്ന് പി സി ജോര്‍ജ് വ്യക്തമാക്കി.

യുഡിഎഫുമായി ചര്‍ച്ച നടത്തുന്നതിന് ജനപക്ഷം സെക്യുലര്‍ അഞ്ചംഗ കമ്മിറ്റി രൂപവത്കരിച്ചതായും അദേഹം വ്യക്തമാക്കി. കോണഗ്രസ് നേതൃത്വവുമായി തനിക്ക് യാതൊരു തര്‍ക്കവുമില്ല. എന്നാല്‍ പ്രാദേശികമായ ചില തര്‍ക്കങ്ങള്‍ പറഞ്ഞ് തീര്‍ക്കാവുന്നതേയുള്ളുവെന്നും അത് ആനക്കാര്യമല്ല. ജനാധിപത്യത്തിന് വിലകല്‍പ്പിക്കാത്ത പിണറായി സര്‍ക്കാരിനെതിരെയുള്ള ഒരു പോരാട്ടാത്തിന് ജനപക്ഷത്തിന്റെ കൂടെ സേവനം ആവശ്യമാണെന്ന് യുഡിഎഫിന് ബോധ്യമായിട്ടുണ്ടെന്നും പി സി ജോര്‍ജ് പറഞ്ഞു.

അതേസമയം യുഡിഎഫ് അധികാരത്തില്‍ വരണമെങ്കില്‍ ഉമ്മന്‍ചാണ്ടി മുന്‍പന്തിയില്‍ നിന്ന് തിരഞ്ഞെടുപ്പിനെ നേരിട്ടേ മതിയാകൂ. എന്തുചെയ്യാന്‍ മടിക്കാത്ത സര്‍ക്കാരിനെതിരെ മത്സരിച്ച്‌ കേരളം പിടിച്ചടക്കണമെങ്കില്‍ ഉമ്മന്‍ചാണ്ടിയെ പോലുള്ള വലിയ നേതാവ് തന്നെ മുന്‍പന്തിയില്‍ നില്‍ക്കണമെന്നും അദേഹം അഭിപ്രായപ്പെട്ടു. യുഡിഎഫില്‍ എത്തിയാല്‍ തങ്ങള്‍ക്ക് അര്‍ഹതപ്പെട്ടത അവര്‍ തരും, ചോദിക്കേണ്ടതില്ലെന്നും അദേഹം വ്യക്തമാക്കി.

രമേശ് ചെന്നിത്തല യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ പ്രസിഡന്റായിരിക്കുന്ന കാലത്ത് സെക്രട്ടറിമാരായിരുന്ന പലരും ഏതെങ്കിലും സംസ്ഥാനത്ത് മന്ത്രിമാരോ മുഖ്യമന്ത്രിയോ ആയിട്ടുണ്ട്. കുറച്ച് വര്‍ഷം ആഭ്യന്തര മന്ത്രിയായത് ഒഴികെ അദ്ദേഹം മറ്റൊരു അധികാര സ്ഥാനവും വഹിച്ചിട്ടില്ല. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ അദ്ദേഹം നിയമസഭയ്ക്കകത്ത് അതി ശക്തനാണ്. പക്ഷേ ഇപ്പോഴത്തെ വലിയ പിണറായി ശക്തിപ്രഭാവത്തിലുള്ള യുദ്ധ മുഖത്ത് ഇറങ്ങുമ്പോള്‍ നമ്മുടെ ആയുധങ്ങള്‍ മുഴുവന്‍ ഉണ്ടാകണം. അതിനര്‍ത്ഥം മുന്നില്‍ ഉമ്മന്‍ചാണ്ടി നില്‍ക്കണം എന്നാണ്. അത് ചെന്നിത്തല മോശമായിട്ടല്ലെന്നും ജോര്‍ജ് പറഞ്ഞു.

പൂഞ്ഞാര്‍ വിട്ട് താന്‍ മാറില്ലെന്നും, ചിലപ്പോള്‍ ഷോണും തന്റെ കൂടെ നിയമസഭയില്‍ കാണുമെന്നും അദേഹം സൂചന നല്‍കി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com