കേരളത്തില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് വിവാഹ ചടങ്ങിനു പോകുന്നവര്‍ക്ക് പാസ് നിര്‍ബന്ധം
Kerala

കേരളത്തില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് വിവാഹ ചടങ്ങിനു പോകുന്നവര്‍ക്ക് പാസ് നിര്‍ബന്ധം

വിവാഹ ചടങ്ങിന് പോകുന്നവര്‍ ജില്ലാ കളക്ടറില്‍ നിന്ന് പാസെടുക്കണമെന്നാണ് നിര്‍ദേശം

By Sreehari

Published on :

തിരുവനന്തപുരം : കേരളത്തില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് വിവാഹ ചടങ്ങില്‍ പങ്കെടുക്കാനുളള യാത്രയ്ക്ക് പാസ് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍. വിവാഹ ചടങ്ങിന് പോകുന്നവര്‍ ജില്ലാ കളക്ടറില്‍ നിന്ന് പാസെടുക്കണമെന്നാണ് നിര്‍ദേശം. യാത്ര പോകുന്ന സംസ്ഥാനത്തിന്‍റെ പാസ് ഉണ്ടെങ്കിലേ കേരളം യാത്രാനുമതി നല്‍കൂ. ഇതുസംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി.

മറ്റ് സംസ്ഥാനത്തെ പാസ് ലഭിച്ചവര്‍ക്ക് മാത്രമായിരിക്കും ജില്ലകളില്‍ നിന്ന് പാസ് അനുവദിക്കുക. വിവാഹസംഘം സാമൂഹിക അകലം പാലിച്ചും മറ്റ് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുമായിരിക്കണം ചടങ്ങില്‍ പങ്കെടുക്കേണ്ടത്.

വിവാഹ വേദിയല്ലാതെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കരുത്. മറ്റ് സംസ്ഥാനത്ത് കഴിഞ്ഞിരുന്നവര്‍ വിവാഹ സംഘത്തിനൊപ്പം കേരളത്തിലേക്ക് വരികയാണെങ്കില്‍ 14 ദിവസം ക്വാറന്‍റൈനില്‍ കഴിയണം. വധൂവരന്‍മാര്‍ക്കും ഈ നിബന്ധന ബാധകമാണ്.

സംസ്ഥാനത്ത് നിന്ന് പോകുന്നവര്‍ രാത്രി തങ്ങിയ ശേഷം അടുത്ത ദിവസമാണ് മടങ്ങുന്നതെങ്കില്‍ ക്വാറന്‍റീനില്‍ കഴിയണം. മറ്റ് സംസ്ഥാനത്തെ കണ്ടെയിൻമെന്‍റ് സോണുകളിലാണ് വിവാഹ ചടങ്ങെങ്കില്‍ അനുമതി നല്‍കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

Anweshanam
www.anweshanam.com