പാലത്തായി പീഡനം: അധ്യാപകരുടെ ശുചിമുറിയിലെ രക്തക്കറയുള്ള ടൈലുകള്‍ ഫൊറന്‍സിക് പരിശോധനക്ക്

കുട്ടികളുടെ ശുചിമുറിയില്‍ നിന്നല്ല, അധ്യാപകര്‍ ഉപയോഗിക്കുന്ന ശുചിമുറിയില്‍ വച്ചാണ് പീഡനം നടന്നതെന്ന് കുട്ടി രണ്ടാമത് മൊഴി മാറ്റി നല്‍കിയിരുന്നു
പാലത്തായി പീഡനം: അധ്യാപകരുടെ ശുചിമുറിയിലെ രക്തക്കറയുള്ള ടൈലുകള്‍ ഫൊറന്‍സിക് പരിശോധനക്ക്

കണ്ണൂര്‍: പാലത്തായിയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ബിജെപി നേതാവായ അധ്യാപകൻ പീഡിപ്പിച്ച കേസിൽ വേറിട്ട വഴി തേടി പുതിയ അന്വേഷണ സംഘം. അധ്യാപകരുടെ ശുചിമുറിയിലെ രക്തക്കറയുള്ള ടൈലുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് കൊണ്ടുപോയി. ഹൈക്കോടതി ഉത്തരവിന് പിന്നാലെ ക്രൈംബ്രാഞ്ചില്‍ നിന്നും അന്വേഷണം ഏറ്റെടുത്ത തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം തുടങ്ങിയത്.

സ്കൂളിലെത്തിയ സംഘം ശാസ്ത്രീയ തെളിവുകളുണ്ടോ എന്നാണ് പരിശോധിച്ചത്. കുട്ടികളുടെ ശുചിമുറിയില്‍ നിന്നല്ല, അധ്യാപകര്‍ ഉപയോഗിക്കുന്ന ശുചിമുറിയില്‍ വച്ചാണ് പീഡനം നടന്നതെന്ന് കുട്ടി രണ്ടാമത് മൊഴി മാറ്റി നല്‍കിയിരുന്നു. കൊളുത്തുള്ള ഈ ശുചിമുറിയിലെ ടൈലുകളില്‍ ചോരക്കറ ഫൊറന്‍സിക് സംഘം കണ്ടെത്തി.

ഈ ടൈലുകള്‍ ഇളക്കി മാറ്റി ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. കുട്ടിയുടെ രക്തസാമ്പിളും അന്വേഷണ സംഘം ശേഖരിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ അധ്യാപകന്‍ കുനിയില്‍ പദ്മരാജന്‍ പീഡിപ്പിച്ചു എന്നാണ് കുട്ടിയുടെ മൊഴി.നേരത്തെ, ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ഐജി ശ്രീജിത്തിനെതിരെ കുട്ടിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടർന്നാണ് അന്വേഷണ സംഘത്തെ മാറ്റിയത്.

ഇതിനിടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പദ്മരാജന്റെ ഭാര്യ മുഖ്യമന്ത്രിക്ക് കത്തയച്ചു. കേസില്‍ ഗൂഡാലോചന ഉണ്ടെന്നാണ് ബിജെപിയും പറയുന്നത്. കേസ് അട്ടിമറിക്കാനാണ് ഇപ്പോഴത്തെ അന്വേഷണ സംഘം ശ്രമിക്കുന്നതെന്നും ബിജെപി ആരോപിക്കുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com