
പാലക്കാട് :20 രാപ്പകലുകള്‍ നീണ്ട ലോക സിനിമാക്കാഴ്ചകളുടെ ഉത്സവത്തിന് വെള്ളിയാഴ്ച പാലക്കാടൻ മണ്ണിൽ കൊടിയിറക്കം. വിവിധ മേളകളിൽ പ്രേക്ഷക പ്രീതി നേടിയതും ഓസ്കാർ നോമിനേഷൻ ലഭിച്ചതുമായ ചിത്രങ്ങൾ ഉൾപ്പടെ 80 സിനിമകൾ പ്രദർശിപ്പിച്ച മേളയിൽ വൈഫ് ഓഫ് എ സ്പൈ ,ദ മാൻ ഹൂ സോൾഡ് ഹിസ് സ്കിൻ ,ക്വാ വാഡിസ് ഐഡ ? ,ഡിയർ കോമ്രേഡ്സ് ,റോം തുടങ്ങിയ ചിത്രങ്ങൾ പ്രേക്ഷക ഹൃദയം കവർന്നു .
ചുരുളി ,ഹാസ്യം ,ബിരിയാണി തുടങ്ങിയ മലയാള ചിത്രങ്ങളും പ്രത്യേക ശ്രദ്ധ ആകർഷിച്ചു .വൈകിട്ട് ആറിന് പ്രിയാ തിയേറ്ററിൽ നടക്കുന്ന സമാപനസമ്മേളനത്തിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ മുഖ്യാതിഥിയാകും . അക്കാഡമി ചെയർമാൻ കമൽ അധ്യക്ഷനാകുന്ന ചടങ്ങിൽ ആർട്ടിസ്റ്റിക് ഡയറക്റ്റർ ബീനാ പോൾ അവാർഡുകൾ പ്രഖ്യാപിക്കും .
അക്കാഡമി നിർവ്വാഹക സമിതി അംഗങ്ങളായ സിബിമലയിൽ, വി കെ ജോസഫ് ,സെക്രട്ടറി അജോയ്ചന്ദ്രൻ എന്നിവർ പങ്കെടുക്കും .സമാപന സമ്മേളനത്തിന് ശേഷം മത്സരവിഭാഗത്തിൽ സുവര്‍ണ്ണചകോരത്തിന് അര്‍ഹമാകുന്ന ചിത്രം പ്രദർശിപ്പിക്കും.അഞ്ചു തിയേറ്ററുകളിലായി 19 ചിത്രങ്ങളാണ് പാലക്കാട്ടെ മേളയുടെ അവസാന ദിവസത്തില്‍ പ്രദര്‍ശനത്തിനുള്ളത്.