പാലാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുകൊടുക്കില്ലെന്ന് എന്‍സിപി
സീറ്റുകള്‍ വിട്ട് കൊടുക്കേണ്ട യാതൊരു സാഹചര്യവുമില്ല. അത്തരമൊരു ആവശ്യം ഇത് വരെ ആരും ഉന്നയിച്ചിട്ടില്ല
പാലാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുകൊടുക്കില്ലെന്ന് എന്‍സിപി

കൊച്ചി: പാലാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുകൊടുക്കില്ലെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരന്‍ മാസ്റ്റര്‍. അത്തരമാരു ആവശ്യം സിപിഎം മുന്നോട്ടുവെക്കുമെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്‍സിപി ജയിച്ച ഒരു സീറ്റും ആര്‍ക്കും വിട്ടുകൊടുക്കേണ്ടെന്നാണ് തീരുമാനം. ഇക്കാര്യം ദേശീയ നേതൃത്വത്തെ അറിയിച്ചതാണെന്നും എന്‍സിപി സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി.

സീറ്റുകള്‍ വിട്ട് കൊടുക്കേണ്ട യാതൊരു സാഹചര്യവുമില്ല. അത്തരമൊരു ആവശ്യം ഇത് വരെ ആരും ഉന്നയിച്ചിട്ടില്ല. ജോസ് കെ മാണി വരുന്നത് സ്വാഗതം ചെയ്യുകയാണെന്നും ഇടത് പക്ഷം ശക്തമാകുന്ന നടപടികളെയെല്ലാം സ്വാഗതം ചെയ്യും - ടി പി പീതാംബരന്‍ മാസ്റ്റർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ആരാണ് വിട്ട് വീഴ്ച ചെയ്യേണ്ടതെന്ന കാര്യത്തില്‍ ഇടതുപക്ഷ മുന്നണി തീരുമാനിക്കേണ്ട കാര്യമാണ്. അത് ഒറ്റയ്ക്ക് തീരുമാനിക്കേണ്ട കാര്യമല്ല. ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അധികം വൈകാതെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തദ്ദേശം തെരഞ്ഞെടുപ്പിന് മുമ്ബ് തന്നെ മുന്നണി പ്രവേശം വേണമെന്നാണ് ജോസ് പക്ഷത്തിന്റെ ആവശ്യം.

എന്നാല്‍ പാലാ സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന എന്‍സിപി നിലപാട് ഇതിനെ എങ്ങനെയെല്ലാം സ്വാധീനിക്കുമെന്നാണ് അറിയേണ്ടത്.

Related Stories

Anweshanam
www.anweshanam.com