ഓണക്കിറ്റിലെ തട്ടിപ്പ്: വീഴ്ച്ച പരിശോധിക്കുമെന്ന് മന്ത്രി തിലോത്തമന്‍
Kerala

ഓണക്കിറ്റിലെ തട്ടിപ്പ്: വീഴ്ച്ച പരിശോധിക്കുമെന്ന് മന്ത്രി തിലോത്തമന്‍

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓണക്കിറ്റില്‍ തട്ടിപ്പെന്ന വിജിലന്‍സിന്റെ കണ്ടെത്തല്‍ പരിശോധിക്കുമെന്ന് മന്ത്രി പി തിലോത്തമന്‍.

News Desk

News Desk

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓണക്കിറ്റില്‍ തട്ടിപ്പെന്ന വിജിലന്‍സിന്റെ കണ്ടെത്തല്‍ പരിശോധിക്കുമെന്ന് മന്ത്രി പി തിലോത്തമന്‍. വീഴ്ച പരിശോധിക്കുമെന്നും തൂക്കത്തില്‍ കുറവ് വന്ന പാക്കറ്റുകള്‍ റീപാക്ക് ചെയ്ത് വീണ്ടും വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. വിജിലന്‍സ് റിപ്പോര്‍ട്ട് കിട്ടിയശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പല കിറ്റുകളിലും 400 മുതല്‍ 490 രൂപ വരെയുള്ള സാധനങ്ങള്‍ മാത്രമാണ് ഉള്ളത്. കിറ്റിലുള്ള സാധനങ്ങളുടെ ഗുണനിലവാരവും തൂക്കവും ഉറപ്പ് വരുത്തുന്നതില്‍ വീഴ്ച പറ്റിയെന്നും വിജിലന്‍സ് ഇന്നലെ കണ്ടെത്തിയിരുന്നു. സംസ്ഥാന വ്യാപകമായി ഇന്നലെ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധന നടത്താനാണ് തീരുമാനം. പാക്കിംഗ് സ്റ്റോറുകളിലും മാവേലി സ്റ്റോറുകളിലും റേഷന്‍ കടകളിലുമാണ് ഇന്നലെ വിജിലന്‍സ് പരിശോധന നടത്തിയത്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓണക്കിറ്റിന്റെ വിതരണം കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് ആരംഭിച്ചത്. സപ്ലൈകോ കേന്ദ്രത്തില്‍ നിന്നും കിറ്റ് റേഷന്‍ കട വഴിയാണ് വിതരണം ചെയ്യുന്നത്. ഓപ്പറേഷന്‍ ക്ലീന്‍ കിറ്റിന്റെ ഭാഗമായി വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്.

വെളിച്ചെണ്ണയും പഞ്ചസാരയും പായസകൂട്ടുകളും അടക്കം 11 ഇനങ്ങള്‍ അടങ്ങിയ 500 രൂപ മൂല്യമുള്ള കിറ്റാണ് ഓണം പ്രമാണിച്ച് സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്നത്. 13 നാണ് വിതരണം തുടങ്ങിയത്. എന്നാല്‍ 500 രൂപയ്ക്കുള്ള വസ്തുക്കള്‍ കിറ്റില്‍ ഇല്ലെന്ന് വ്യാപകമായി പരാതിയുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്. മാവേലി സ്റ്റോറുകളിലും റേഷന്‍ കടകളിലും 58 പാക്കിങ് സെന്ററുകളിലുമാണ് ഓപ്പറേഷന്‍ ക്ലീന്‍ കിറ്റ് നടത്തിയത്. പരാതികള്‍ എല്ലാം ശരിവയ്ക്കുന്നതാണ് വിജിലന്‍സ് കണ്ടെത്തല്‍.

Anweshanam
www.anweshanam.com