സഭാതര്‍ക്കം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ഓർത്തഡോക്സ് സഭ

ഒത്തുതീർപ്പുകൾക്ക് സഭ വഴങ്ങുന്നില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിർഭാ​ഗ്യകരമെന്ന് ഓർത്തഡോക്സ് സഭ പ്രതികരിച്ചു
 
സഭാതര്‍ക്കം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ഓർത്തഡോക്സ് സഭ

തിരുവനന്തപുരം: സഭാതര്‍ക്കവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍വുമായി ഓര്‍ത്തഡോക്‌സ് സഭ. ഒരു വിഭാഗത്തിന്റെ വക്താവായി മുഖ്യമന്ത്രി സംസാരിക്കുന്നത് ഖേദകരമാണെന്ന് ഡോ.യുഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു.

ഒത്തുതീർപ്പുകൾക്ക് സഭ വഴങ്ങുന്നില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിർഭാ​ഗ്യകരമെന്ന് ഓർത്തഡോക്സ് സഭ പ്രതികരിച്ചു. പ്രശ്നപരിഹാരത്തിനായി പലവട്ടം സഭ ചർച്ചകളിൽ പങ്കാളികളായി. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചകളിൽ എല്ലാം സഭ സഹകരിച്ചു. മുഖ്യമന്ത്രിയുടെ പരാമർശം നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും ഓർത്തഡോക്സ് സഭ വ്യക്തമാക്കി.

ചർച്ചയ്ക്ക് തയ്യാറായി എന്ന വസ്തുതയ്ക്ക് നേരെ മുഖ്യമന്ത്രി കണ്ണടച്ചത് നിർഭാഗ്യകരമാണ്. വിധി അംഗീകരിക്കുക അല്ലാതെ മറ്റ് പ്രശ്നപരിഹാരത്തിന് ശ്രമിക്കേണ്ടതില്ല എന്ന് സുപ്രിംകോടതി നിർദേശിച്ചിട്ടുണ്ട്. കോടതി വിധി നടപ്പാക്കാൻ ഉത്തരവാദിത്വമുള്ള മുഖ്യമന്ത്രി ഒരു വിഭാഗത്തിൻ്റെ വക്താവാകുന്നത് ഖേദകരമാണ്. മുഖ്യമന്ത്രി പദവിക്ക് നിരക്കാത്ത പക്ഷപാതിത്വം കാണിക്കുകയാണ്. സഭാ തർക്കം നിലനിർത്തി ലാഭം കൊയ്യാനുള്ള ശ്രമം ഒറ്റക്കെട്ടായി ചെറുക്കുമെന്നും ഓർത്തഡോക്സ് സഭ കൂട്ടിച്ചേർ‌ത്തു.

ചര്‍ച്ചകളോട് ഓര്‍ത്തഡോക്‌സ് സഭ സഹകരിക്കുന്നില്ലെന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണ് മലപ്പുറത്ത് മുഖ്യമന്ത്രി നടത്തിയത്. മുഖ്യമന്ത്രി നേരിട്ട് വിളിച്ചും, ഉപസമിതിയുടെ നേതൃത്വത്തിലും നിരവധി തവണ ചര്‍ച്ചകള്‍ നടത്തുകയുണ്ടായി. പ്രശ്‌നപരിഹാരത്തിനായി മന്ത്രിസഭ ഉപസമിതിയെ നിയോഗിച്ചപ്പോള്‍ സഭാ പ്രതിനിധികള്‍ വരാന്‍ തയാറായില്ല. തിരുവസ്ത്രമിട്ടവര്‍ അതിനു നിരക്കാത്ത രീതിയില്‍ മൃതദേഹങ്ങളോട് പെരുമാറിയത് അംഗീകരിക്കാന്‍ പറ്റാത്തതു കൊണ്ടാണ് സംസ്‌കാരവുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് 3 കുടുംബങ്ങള്‍ മാത്രം ഉള്ള പള്ളിയടക്കം വിട്ടുകിട്ടണമെന്നത് സര്‍ക്കാരിന് പരിഗണിക്കാനാവില്ല. പരസ്പരം സംസാരിക്കാനുള്ള തീയതിയെങ്കിലും നിശ്ചയിക്കണമെന്ന് പറഞ്ഞപ്പോഴും പ്രതികരണമുണ്ടായില്ല. എങ്കിലും, തര്‍ക്ക പരിഹാരത്തിന് വഴി അടഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഓര്‍ത്തഡോക്‌സ് സഭ രംഗത്തെത്തിയത്.

അതേസമയം, യാക്കോബായ സഭ വെള്ളിയാഴ്ച മുതല്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ അനശ്ചിതകാല റിലേ സത്യാഗ്രഹം തുടങ്ങും. സഭ തര്‍ക്കം നിയമ നിര്‍മാണത്തിലൂടെ പരിഹരിക്കുക, പള്ളി പിടിച്ചെടുക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഇതേ ആവശ്യം ഉയര്‍ത്തി മീനങ്ങാടിയില്‍ നിന്ന് ആരംഭിച്ച അവകാശ സംരക്ഷണ യാത്ര സെക്രട്ടറിയേറ്റിന് മുന്നില്‍ സമാപിച്ചു. സെമിത്തേരി ബില്ലിലൂടെ, മൃതദേഹങ്ങള്‍ ഇടവകപള്ളിയില്‍ സംസ്കരിക്കാന്‍ അവസരം ഒരുക്കിയ മുഖ്യമന്ത്രി, നിയമനിര്‍മാണത്തിനും ആര്‍ജവം കാണിക്കുമെന്നാണ് പ്രതീക്ഷ. സഭയെ സഹായിക്കുന്നവരെ തിരിച്ചുസഹായിക്കുന്ന സമീപനം തുടരുമെന്നും പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com