സഭയിൽ അഞ്ചര മണിക്കൂർ സംസാരിച്ചിട്ടില്ല; സ്പീക്കർക്കെതിരെ ഉമ്മൻ ചാണ്ടി
Kerala

സഭയിൽ അഞ്ചര മണിക്കൂർ സംസാരിച്ചിട്ടില്ല; സ്പീക്കർക്കെതിരെ ഉമ്മൻ ചാണ്ടി

2005ൽ താൻ സംസാരിച്ചത് ഒന്നേ മുക്കാൽ മണിക്കൂർ മാത്രമാണ്.

News Desk

News Desk

തിരുവനന്തപുരം: നിയമസഭയിൽ മുമ്പ് അഞ്ചര മണിക്കൂർ പ്രസം​ഗം നടന്നിട്ടുണ്ടെന്ന സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ വാദത്തിനെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രം​ഗത്ത്. താൻ സഭയിൽ അഞ്ചര മണിക്കൂർ സംസാരിച്ചു എന്ന് പറഞ്ഞത് തെറ്റാണ്. 2005ൽ താൻ സംസാരിച്ചത് ഒന്നേ മുക്കാൽ മണിക്കൂർ മാത്രമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. തന്റെ പ്രതിഷേധമറിയിച്ച് സ്പീക്കർക്ക് അദ്ദേഹം കത്ത് നൽകി.

2005 ലെ അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്കു മറുപടി പറയാൻ താൻ അഞ്ചരമണിക്കൂർ എടുത്തു എന്നാണ് സ്പീക്കര്‍ പറഞ്ഞത്. എന്നാല്‍, താന്‍ എടുത്ത സമയം 1 മണിക്കൂര്‍ 43 മിനിറ്റ് മാത്രമാണെന്നും ഇത് സംബന്ധിച്ച എല്ലാ രേഖകളും സ്പീക്കറുടെ ഓഫീസില്‍ ഉണ്ടായിട്ടും സത്യത്തിന് വിരുദ്ധമായി സ്പീക്കര്‍ സഭയില്‍ പ്രസ്താവന നടത്തിയത് നിര്‍ഭാഗ്യകരമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

2005-ലെ അവിശ്വാസ പ്രമേയ ചര്‍ച്ച 3 ദിവസമായിരുന്നു. 9 മണിക്കൂര്‍ ചര്‍ച്ചയ്ക്ക് തീരുമാനിച്ചിരുന്നു എങ്കിലും ചര്‍ച്ച 25 മണിക്കൂര്‍ നീണ്ടു. 10 മന്ത്രിമാര്‍ക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടിവന്നു. എന്നിട്ടും മുഖ്യമന്ത്രിയും മന്ത്രിമാരും എടുത്തത് സമയം 5.15 മണിക്കൂര്‍ മാത്രമായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുവാന്‍ മാത്രം മുഖ്യമന്ത്രി 3.45 മണിക്കൂര്‍ എടുത്തതിനെ ന്യായീകരിക്കുവാനാണ് സ്പീക്കര്‍ ശ്രമിച്ചതെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

Anweshanam
www.anweshanam.com