പ്രവാസികളുടെ മടക്കം; മന്ത്രിസഭാ തീരുമാനങ്ങൾ പ്രായോഗികമല്ലെന്ന് ഉമ്മൻ ചാണ്ടി
Kerala

പ്രവാസികളുടെ മടക്കം; മന്ത്രിസഭാ തീരുമാനങ്ങൾ പ്രായോഗികമല്ലെന്ന് ഉമ്മൻ ചാണ്ടി

പരിശോധനാ സൗകര്യമില്ലാത്ത രാജ്യങ്ങളിൽ നിന്ന് വരുന്ന പ്രവാസികൾ പിപിഇ കിറ്റ് ധരിച്ചാൽ മതിയെന്നാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്.

News Desk

News Desk

തിരുവനന്തപുരം: പ്രവാസികളോട് സംസ്ഥാന സർക്കാർ നീതി കാണിച്ചില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അതിഥി തൊഴിലാളികൾക്കുള്ള പരി​ഗണന പോലും പ്രവാസികൾക്ക് നൽകിയില്ല. ഇവിടെ ജയവും തോൽവിയുമല്ല വിഷയം. സർക്കാർ നിർദ്ദേശം പ്രായോ​ഗികമാണോ എന്ന് നോക്കണം. പ്രവാസികൾക്കുള്ള പിപിഇ കിറ്റിന്റെ ചെലവ് സർക്കാർ വഹിക്കണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

പ്രവാസികളെ നാട്ടിലെത്തിക്കാനല്ല അവരെ നിരുത്സാഹപ്പെടുത്താൻ ആണ് സർക്കാർ ശ്രമിച്ചത്. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ പ്രയോഗികമാണോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിപിഇ കിറ്റ് സുഗമമായി ലഭിക്കുമോ? പ്രവാസികൾക്ക് അത് താങ്ങാൻ സാധിക്കുമോ? തുടങ്ങിയ ചോദ്യങ്ങളാണ് ഉമ്മന്‍ ചാണ്ടി ഉന്നയിച്ചത്.

തുടക്കം മുതൽ പ്രവാസികൾ വരേണ്ട എന്നതാണ് സർക്കാർ നിലപാട്. മരണ സംഖ്യ കൂടുന്ന സമയത്തും അവരുടെ വരവ് മുടക്കാൻ സർക്കാർ ശ്രമിച്ചു. ഈ കാര്യങ്ങളിൽ അടിയന്തര നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടക്കം മുതൽ തീരുമാനം തെറ്റിയതിന്റെ ജാള്യത പിപിഇ കിറ്റ് വച്ച് മറക്കാൻ ഉള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

കോവിഡ് സർട്ടിഫിക്കറ്റ് ഇല്ലാതെ പ്രവാസികൾക്ക് നാട്ടിലേക്ക് വരാനാകില്ലെന്ന നിബന്ധനയിൽ ഇളവ് വരുത്താൻ സംസ്ഥാന സര്‍ക്കാര്‍ തീരമാനിച്ചിരുന്നു. പരിശോധനാ സൗകര്യമില്ലാത്ത രാജ്യങ്ങളിൽ നിന്ന് വരുന്ന പ്രവാസികൾക്ക് നോ കോവിഡ് സർട്ടിഫിക്കറ്റ് വേണ്ട, പകരം പിപിഇ കിറ്റ് ധരിച്ചാൽ മതിയെന്നാണ് തിരുവനന്തപുരത്ത് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്.

Anweshanam
www.anweshanam.com