കൂടുതൽ വിഷയങ്ങളുമായി മൂന്നാംഘട്ട ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നാളെമുതല്‍
Kerala

കൂടുതൽ വിഷയങ്ങളുമായി മൂന്നാംഘട്ട ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നാളെമുതല്‍

ഓണ്‍ലൈന്‍ ക്ലാസിനായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങളില്‍ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തിയിരുന്നു

By News Desk

Published on :

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സ്‌കൂളുകൾ അടച്ചിട്ടതിനെ തുടർന്ന സംസ്ഥാനത്ത് നടപ്പിലാക്കുന്ന ഓൺലൈൻ ക്ലാസ്സ് മൂന്നാം ഘട്ടത്തിലേക്ക്. വിക്ടേഴ്‌സ് ചാനല്‍ വഴിയുള്ള മൂന്നാംഘട്ട ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നാളെ മുതല്‍ ആരംഭിക്കും. നാളെ മുതല്‍ കൂടുതല്‍ വിഷയങ്ങളില്‍ ക്ലാസ്സുണ്ടാകുമെന്നാണ് അറിയിപ്പ്.

നേരത്തെ ഓണ്‍ലൈന്‍ ക്ലാസുകളുടെ തുടക്കത്തില്‍ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച്‌ വലിയ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ ഹൈക്കോടതിയില്‍ നിരവധി ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടു. മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ ദളിത് വിദ്യാർത്ഥിനി ദേവിക ഓൺലൈൻ പഠന സൗകര്യം ലഭ്യമല്ലാത്തതിനാൽ ആത്മഹത്യ ചെയ്യുകയും ഉണ്ടായി. മലപ്പുറം ജില്ലയിലെ തന്നെ താനൂരിൽ അഞ്ജലി എന്ന വിദ്യാർത്ഥിനിയും ഓൺലൈൻ പഠനം മൂലം ആത്മഹത്യ ചെയ്‌തിരുന്നു

എന്നാൽ, ഇതേതുടർന്ന് സംസ്ഥാനത്ത് ഓൺലൈൻ വിദ്യാഭ്യാസം ലഭ്യമല്ലാതിരുന്ന രണ്ടര ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് സർക്കാറിന്റെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും നേതൃത്വത്തിൽ ഓൺലൈൻ സൗകര്യം അതിവേഗം ഒരുക്കി നൽകിയിരുന്നു. 89 കുട്ടികള്‍ക്കാണ് ഇനി സൗകര്യങ്ങളൊരുക്കാനുള്ളൂ. ഇവര്‍ക്കും ഏറ്റവും അടുത്ത സമയത്ത് തന്നെ സൗകര്യങ്ങളൊരുക്കുമെന്നും സര്‍ക്കാര്‍ വ്യാഴാഴ്ച കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

സൗകര്യം ഇല്ലാത്ത കുട്ടികളില്‍ ഭൂരിഭാഗവും വിദൂര ആദിവാസി മേഖലകളില്‍ നിന്നുള്ളവരാണ്. ഇവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ എത്തിക്കും. ഇവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ റെക്കോര്‍ഡ് ചെയ്തു എത്തിക്കും. വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിനുള്ള സൗകര്യം ഉണ്ടെന്ന് ഉറപ്പാക്കാന്‍ പ്രധാന അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ഓണ്‍ലൈന്‍ ക്ലാസിനായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങളില്‍ ഹൈക്കോടതി വ്യാഴാഴ്ച തൃപ്തി രേഖപ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച മുന്നൊരുക്കങ്ങളില്‍ തൃപ്തി അറിയിച്ച കോടതി ഓണ്‍ലൈന്‍ ക്ലാസുകളുമായി ബന്ധപ്പെട്ട ഹര്‍ജികളും തീര്‍പ്പാക്കി. ഏതെങ്കിലും വ്യക്തികള്‍ക്ക് ആക്ഷേപങ്ങളോ പരാതികളോ ഉണ്ടായാല്‍ ഉചിതമായ ഫോറത്തില്‍ പരാതി നല്‍കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.

Anweshanam
www.anweshanam.com