സ്വപ്നയുടെ ബാങ്ക് ലോക്കറിൽ 1.05 കോടിയും ഒരു കിലോ സ്വർണവും പിടികൂടി; അടുത്ത മാസം 21 വരെ റിമാൻഡിൽ

എൻഐഎ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച വിവരങ്ങൾ ഉള്ളത്
സ്വപ്നയുടെ ബാങ്ക് ലോക്കറിൽ 1.05 കോടിയും ഒരു കിലോ സ്വർണവും പിടികൂടി; അടുത്ത മാസം 21 വരെ റിമാൻഡിൽ

കൊച്ചി: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറിൽ ഒരു കോടിയിലേറെ രൂപയും ഒരു കിലോ സ്വർണവും കണ്ടെത്തിയതായി എൻഐഎ അന്വേഷണ സംഘം. എൻഐഎ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച വിവരങ്ങൾ ഉള്ളത്. 1.05 കോടി രൂപയാണു കണ്ടെത്തിയത്. ഇത് സ്വർണക്കടത്തിലൂടെ സ്വപ്ന സമ്പാദിച്ചതാണെന്നാണ് എൻഐഎ കോടതിയെ അറിയിച്ചിരിക്കുന്നത്. എന്നാൽ സ്വപ്ന വിവാഹം ചെയ്ത അറബി സമ്മാനിച്ചതാണ് ഈ സ്വ‍ർണവും പണവും എന്നാണ് സ്വപ്നയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്.

തിരുവനന്തപുരത്തെ എസ്ബിഐ സിറ്റി ബ്രാഞ്ച് ലോക്കറിൽ നിന്നും 64 ലക്ഷം രൂപയും 982 ​ഗ്രാം സ്വ‍ർണവും കണ്ടെത്തി. തിരുവനന്തപുരത്തെ ഫെഡറൽ ബാങ്കിൽ നിന്നും 36.5 ലക്ഷം രൂപയും കണ്ടെടുത്തു.

വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണം വേണ്ടതുണ്ടെന്ന നിലപാടാണ് അന്വേഷണ സംഘം കോടതിയിൽ സ്വീകരിച്ചത്. സ്വപ്നയ്ക്കും സന്ദീപിനും എതിരെ തെളിവുകൾ ശക്തമാണെന്നും അന്വേഷണം തുടരേണ്ടതുള്ളതിനാൽ പ്രതികൾക്കു ജാമ്യം നൽകരുതെന്നും എൻഐഎ കോടതിയെ അറിയിച്ചു.

അതേസമയം സ്വ‍ർണക്കടത്ത് കേസ് പ്രതികളായ പി.ആ‍ർ.സരിത്ത്, സന്ദീപ് നായ‍ർ, സ്വപ്ന സുരേഷ് എന്നിവരെ അടുത്ത മാസം 21 വരെ കൊച്ചി എൻഐഎ കോടതി റിമാൻഡ് ചെയ്തു. ഇവരുടെ ജാമ്യഹ‍ർജി ബുധനാഴ്ച കോടതി പരി​ഗണിക്കും. കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്നും ഈ കേസിന് തീവ്രവാദ സ്വഭാവമില്ലെന്നുമുള്ള വാദമാണ് സ്വപ്‌നയുടെ അഭിഭാഷകന്‍ ജാമ്യഹര്‍ജിയില്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.

എൻ.ഐ.എയുടെ കസ്റ്റഡിയിൽ കസ്റ്റംസ് ചോദ്യം ചെയ്തത് മാനസിക സമ്മർദ്ദത്തിന് കാരണമായെന്നും മക്കളെ കാണാൻ അനുമതി നൽകണമെന്നും ജാമ്യാപേക്ഷയിൽ വ്യക്തമാക്കുന്നു.

അഡീഷണൽ സോളിസിറ്റർ ജനറലിന് ഹാജരാകാനുള്ള സാവകാശം എൻ.ഐ.എ തേടിയതിനാലാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേയ്ക്ക് മാറ്റിയത്

കോടതിയിൽ വെച്ച് പ്രതികളെ അറസ്റ്റ് രേഖപ്പെടുത്താൻ കസ്റ്റംസിന് എൻഐഎ കോടതി അനുമതി നൽകിയില്ല. ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താമെന്നും കോടതി നിർദ്ദേശിച്ചു.

Related Stories

Anweshanam
www.anweshanam.com